News
വെറോനിക്കയുടെ തൂവാല വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു
പ്രവാചകശബ്ദം 10-04-2025 - Thursday
വത്തിക്കാന്‍ സിറ്റി: കാല്‍വരിയിലേക്കുള്ള പീഡാസഹന യാത്രയില്‍ ഈശോയുടെ തിരുമുഖം തുടച്ച വെറോനിക്കയുടെ തൂവാല വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ചയായ ഏപ്രില്‍ 6നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തിരുശേഷിപ്പ് പ്രദര്‍ശിപ്പിച്ചത്. ഈശോയുടെ തിരുമുഖം തുടയ്ക്കപ്പെട്ട വെറോനിക്കയുടെ തൂവാലയുടെ വിവിധ പതിപ്പുകൾ ഉണ്ടെന്ന് പ്രചരണമുണ്ടെങ്കിലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത് ഏഴാം നൂറ്റാണ്ട് മുതൽ നിലവിലുള്ള 1300 വർഷത്തിലേറെയായി സംരക്ഷിക്കുന്ന തൂവാലയാണ്.
ഈശോയുടെ തിരുമുഖം ഒപ്പിയെടുക്കപ്പെട്ട തിരുതൂവാല കാണുവാന്‍ നിരവധി പേരാണ് വത്തിക്കാനിലെത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് ഇറ്റാലിയൻ കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രദര്‍ശനവും നടന്നത്. നിരവധി വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പ്രധാന അൾത്താരയ്ക്ക് വെറോണിക്കയുടെ രൂപത്തിന് സമീപം സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് വര്‍ഷത്തില്‍ ഒരിക്കലാണ് പ്രദര്‍ശനം നടക്കുന്നത്.