News - 2025

കര്‍ത്താവായ യേശുവേ, ഞങ്ങള്‍ക്കു ശക്തി നല്‍കണമേ; വൈറ്റ് ഹൗസ് സെക്രട്ടറിയുടെ പ്രാര്‍ത്ഥനാദൃശ്യങ്ങള്‍ വൈറല്‍

പ്രവാചകശബ്ദം 12-04-2025 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: മാധ്യമങ്ങളെ കാണുന്നതിന് മുന്‍പ് യേശുവിനോട് സഹായം തേടി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തുന്ന പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ വൈറല്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 'എക്‌സി'ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രസിഡന്റിന്റെ പ്രത്യേക സഹായിയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ മാർഗോ മാര്‍ട്ടിനാണ് വൈറ്റ് ഹൗസിലെ നിര്‍ണ്ണായക ഉത്തരവാദിത്വമുള്ള കരോളിന്റെ വിശ്വാസ തീക്ഷ്ണത സാക്ഷ്യപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്.

"കർത്താവായ യേശുവേ, ദയവായി ഞങ്ങൾക്ക് ബലവും അറിവും ഞങ്ങളുടെ വാക്കുകൾ ഉച്ചരിക്കാനും ആത്മവിശ്വാസം പുലർത്താനുമുള്ള കഴിവ് നൽകണമേ. യേശുവിന്റെ നാമത്തിൽ. ആമേൻ"- ലീവിറ്റിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരിന്നു. "ഇത് നിങ്ങളുടെ പ്രസ് സെക്രട്ടറിയാണ് അമേരിക്ക!" എന്ന അടിക്കുറിപ്പോടെയായിരിന്നു മാർഗോ, എക്‌സിൽ വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ മാസം സിബിഎൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലീവിറ്റ് തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് പങ്കുവെച്ചിരിന്നു.



മാധ്യമങ്ങളെ ഓരോ തവണ കാണുന്നതിനും മുമ്പായി വൈറ്റ് ഹൗസ് ടീമിനെ പ്രാർത്ഥനയിൽ നയിക്കാൻ സമയം ചെലവഴിക്കാറുണ്ടെന്ന് ലീവിറ്റ് പറഞ്ഞിരിന്നു. ആത്മവിശ്വാസത്തിനും വാക്കുകൾ, അറിവ്, എന്നിവ വ്യക്തമാക്കാനുള്ള കഴിവിനും സംരക്ഷണത്തിനും വേണ്ടി അപേക്ഷിക്കാനുള്ള ഒരു നിമിഷമാണെന്ന് ഞാൻ കരുതുന്നു. ഞാൻ മാധ്യമങ്ങളെ കാണാന്‍ പോകുന്നതിനുമുമ്പ് ചെയ്യുന്ന അവസാന കാര്യമാണിത്, പ്രാര്‍ത്ഥന തനിക്ക് ആത്മവിശ്വാസം പകരുന്നുണ്ടെന്നും ലീവിറ്റ് അഭിമുഖത്തില്‍ പറഞ്ഞിരിന്നു.

യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27 കാരിയായ ലീവിറ്റ്. പ്രസിഡന്റ് ട്രംപിന്റെ ആദ്യ ടേമിൽ ട്രെയിനിയായി വൈറ്റ് ഹൗസിൽ തന്റെ കരിയർ ആരംഭിച്ച കരോലിൻ, പിന്നീട് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും ഇപ്പോൾ ഫോക്സ് ന്യൂസ് കോ ഹോസ്റ്റുമായ കെയ്‌ലി മക്ഇനാനിയുടെ കീഴിൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി സ്റ്റാഫിൽ ചേർന്നു. ട്രംപിന്റെ രണ്ടാം മൂഴത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിക്കപ്പെടുകയായിരിന്നു.

More Archives >>

Page 1 of 1072