News - 2024

അബോർഷൻ ക്ലിനിക്കുകളുടെ മുന്നിൽ കുരിശിന്റെ വഴിയുമായി പ്രോലൈഫ് പ്രവർത്തകർ

സ്വന്തം ലേഖകന്‍ 23-04-2019 - Tuesday

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായുള്ള പ്രോലൈഫ് സംഘടന അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ മുന്നില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. പ്രോലൈഫ് ആക്ഷൻ ലീഗ് എന്ന പ്രോലൈഫ് സംഘടനയാണ് 30 അമേരിക്കൻ സംസ്ഥാനങ്ങളിലെ ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയത്. നൂറോളം ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിലാണ്എക്യുമെനിക്കൽ സ്ലീവാ പാത നടത്തപ്പെട്ടത്. 2014 മുതൽ പ്രോലൈഫ് ആക്ഷൻ ലീഗിന്റെ നേതൃത്വത്തിൽ സ്ലീവാ പാത സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷം ആയിരത്തോളം ആളുകളാണ് പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത്.

ഓരോ മനുഷ്യ ജീവനെയും മൂല്യത്തെപ്പറ്റി പ്രബോധനം നൽകിയ നീതിമാനായ യേശുക്രിസ്തുവിന്റെ പീഡാസഹനവും, മരണവും അനുസ്മരിക്കപ്പെടുന്ന ദുഃഖവെള്ളിയാഴ്ച ദിവസത്തേക്കാൾ ഭ്രൂണഹത്യക്ക് ഇരകളാകുന്ന ഗർഭസ്ഥശിശുക്കളെ പറ്റി സ്മരിക്കാൻ മറ്റൊരു മികച്ച ദിവസം ഇല്ലെന്ന് പ്രോലൈഫ് ആക്ഷൻ ലീഗിന്റെ അധ്യക്ഷനായ എറിക് ഷീൽഡർ പറഞ്ഞു. ഒരു സമൂഹമെന്ന നിലയ്ക്ക് അനീതി നേരിടുന്നവർക്കു വേണ്ടി ശബ്ദിക്കാൻ കൂടുതൽ മുന്നോട്ട് വരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1973ൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനുശേഷം കൊലചെയ്യപ്പെട്ട ആറുകോടിയോളം ഗർഭസ്ഥശിശുക്കളെ നാം മറന്നു കളഞ്ഞു. ഭ്രൂണഹത്യക്ക് വിധേയരാകുന്ന സ്ത്രീകളും, ഭ്രൂണഹത്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നവരും ഇരകളാക്കപ്പെടുന്നവരുടെ ഗണത്തിലാണെന്ന് ഷീൽഡർ കൂട്ടിച്ചേർത്തു. 1980-ലാണ് പ്രോലൈഫ് ആക്ഷൻ ലീഗ് സംഘടന ആരംഭിക്കുന്നത്. ജോയി ഷീൽഡർ എന്ന വ്യക്തിയാണ് സംഘടനയുടെ തുടക്കക്കാരൻ. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളും കൗൺസിലിങ്ങും മറ്റും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.


Related Articles »