News - 2025
ഇന്തോനേഷ്യന്‍ സെമിനാരി അംഗത്തിനു പഞ്ചക്ഷതം? ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍ 29-04-2019 - Monday
ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയിലെ കപ്പൂച്ചിന്‍ സെമിനാരി വിദ്യാര്‍ത്ഥിക്കു ഉണ്ടായ പഞ്ചക്ഷതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നു. ബ്രദര്‍ റ്റെഡി ഡുന്‍ഡ്രൂവിനാണ് ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകളോട് സാമ്യമുള്ള പഞ്ചക്ഷതം ശരീരത്തില്‍ പതിഞ്ഞിരിക്കുന്നത്. റ്റെഡ്ഢിയുടെ പാദത്തിലും, കൈപ്പത്തിയിലും, ഉടലിലും, കണ്ണുകളിലുമാണ് യേശുവിന്റെ ശരീരത്തില്‍ പീഡാനുഭവത്തെ തുടര്‍ന്നുണ്ടായ ദിവ്യക്ഷതങ്ങള്‍ക്ക് സമാനമായ മുറിവുകള്‍ ഉണ്ടായിട്ടുള്ളത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റ്റെഡിയുടെ മുറിവുകളുടെ ചിത്രങ്ങള്‍ സത്യമാണെന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളും, മെഡാന്‍ അതിരൂപതാധികാരികളും പറയുന്നത്. ഇതിനു മുന്‍പും റ്റെഡിക്ക് ഇത്തരം മുറിവുണ്ടായിട്ടുള്ളതായി അദ്ദേഹത്തിന്റെ ഒരു ബന്ധുവായ ലൂയിസ് അമന്‍ വെളിപ്പെടുത്തി. സവേരിയന്‍ മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആശ്രമങ്ങളില്‍ കഴിയുന്ന സമയത്തും റ്റെഡിയില്‍ പഞ്ചക്ഷതങ്ങള്‍ ദൃശ്യമായി. ഈ ക്ഷതങ്ങളെ തുടര്‍ന്നു വലിയ സഹനങ്ങളാണ് റ്റെഡി അനുഭവിച്ചതെന്ന് അമന്‍ പറയുന്നു.
2016-ലാണ് റ്റെഡി കപ്പൂച്ചിന്‍ സെമിനാരിയില്‍ ചേരുന്നത്. കപ്പൂച്ചിന്‍ ആശ്രമാധികാരികള്‍ അദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി ഇറ്റലിയിലേക്കയച്ചുവെങ്കിലും, മുറിവുകള്‍ ഭേദമാക്കാനോ, അതിന്റെ കാരണങ്ങള്‍ കണ്ടെത്താനോ വിദഗ്ദരായ ഡോക്ടര്‍മാര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ മുറിവുകള്‍ക്ക് ആത്മീയതയുമായി ബന്ധപ്പെട്ട അത്ഭുതമാണോ, അതോ മറ്റ് വല്ല കാരണങ്ങള്‍ കൊണ്ടുണ്ടായതാണോ എന്നതിനെക്കുറിച്ച് പറയുവാന്‍ സമയമായിട്ടില്ലെന്നാണ് മെഡാന്‍ അതിരൂപതാ വികാര്‍ ജനറാളും, കപ്പൂച്ചിന്‍ പുരോഹിതനുമായ ഫാ. മൈക്കേല്‍ മാനുരുംഗ് പറഞ്ഞത്.
ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ റ്റെഡിയുടെ മുറിവുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത്. അഗാധമായ ഭക്തിയുള്ളവര്‍ക്ക് ലഭിക്കുന്ന ഒരനുഗ്രഹമായിട്ടാണ് കത്തോലിക്കാ സഭ പഞ്ചക്ഷതങ്ങളെ പരിഗണിച്ചുവരുന്നത്. പഞ്ചക്ഷതങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്ന ആദ്യ വ്യക്തി വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജെമ്മ ഗല്‍ഗാനി തുടങ്ങീ നിരവധി പേര്‍ക്ക് ഉണ്ടായ പഞ്ചക്ഷതാനുഭവം തിരുസഭ പിന്നീട് സ്ഥിരീകരിച്ചിരിന്നു.