News - 2025
കണ്ണീരും പ്രാര്‍ത്ഥനകൊണ്ടും പ്രതിരോധം: ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്ക
സ്വന്തം ലേഖകന്‍ 28-04-2019 - Sunday
കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തെത്തുടര്‍ന്നു രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ അങ്ങേയറ്റം ശാന്തതപാലിച്ചു സമാധാനപരമായി വര്‍ത്തിച്ച ക്രൈസ്തവ സമൂഹത്തെ വാഴ്ത്തി ശ്രീലങ്കയിലെ രാഷ്ട്രീയ സമുദായ നേതാക്കള്‍. യാതൊരു അക്രമത്തിനും തിരിച്ചടിക്കും ക്രൈസ്തവര്‍ ശ്രമിച്ചില്ല എന്നതു വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന സര്‍വകക്ഷിസര്‍വമത യോഗത്തില്‍ നേതാക്കള്‍ എടുത്തുപറഞ്ഞു. സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്തിനും രാജ്യം ആദരവ് നല്‍കി.
തിരിച്ചടിയോ കൂടുതല്‍ രക്തച്ചൊരിച്ചിലോ ഉണ്ടാകാതിരിക്കാന്‍ കത്തോലിക്കാ സമുദായത്തെ ശ്രദ്ധാപൂര്‍വം നയിച്ച കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാല്‍കം രഞ്ജിതിന് ആത്മാര്‍ഥമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി സ്പീക്കര്‍ കരു ജയസൂര്യ യോഗത്തില്‍ പറഞ്ഞു. സംഭവം ഉണ്ടായ നിമിഷം മുതല്‍ ആളുകളെ ശാന്തരാക്കാനും അമിത പ്രതികരണം ഒഴിവാക്കാനുമാണ് അദ്ദേഹം ശ്രമിച്ചതെന്നും സ്പീക്കര്‍ എടുത്തുപറഞ്ഞു.
പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെയും കര്‍ദ്ദിനാളിനെ പ്രശംസിച്ചു. രാജ്യത്ത് ഒരു മഹാദുരന്തം ഒഴിവാക്കുന്നതിന് അദ്ദേഹത്തിന്റെ സദുപദേശവും നേതൃത്വവും വളരെ സഹായകമായി രാജപക്‌സെ പറഞ്ഞു. രാജ്യത്തു ശാന്തി പുലര്‍ത്തുന്നതില്‍ കര്‍ദിനാള്‍ സവിശേഷ പങ്കുവഹിച്ചതായി ഓള്‍ സിലോണ്‍ ജമിയത്തുല്‍ ഉലമ പ്രസിഡന്റ് മുഫ്തി എംഐഎം റിസ്വി പറഞ്ഞു.