News
പ്രാര്‍ത്ഥന സഫലം: ആസിയ ബീബി കാനഡയില്‍
സ്വന്തം ലേഖകന്‍ 08-05-2019 - Wednesday
ലാഹോര്‍: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതി ആസിയ ബീബി പാക്കിസ്ഥാന് വിട്ടു. വധശിക്ഷയില്‍ നിന്ന് പാക്ക് കോടതി മോചനം നല്‍കിയെങ്കിലും തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നു ആസിയയും കുടുംബവും രഹസ്യകേന്ദ്രത്തില്‍ കഴിയുകയായിരിന്നു. ആസിയ പാക്കിസ്ഥാന് വിട്ടതായി സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആസിയക്കു കാനഡയാണ് അഭയം നല്‍കിയതെന്ന് അഭിഭാഷകൻ സൈഫ് ഉല് മുലൂക് അറിയിച്ചു.
2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു.
ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ ആസിയയുടെ അപ്പീല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2017 ഒക്ടോബറില്‍ പാക്കിസ്ഥാന് സുപ്രീംകോടതി പരിഗണിച്ചെങ്കിലും തീരുമാനമായിരിന്നില്ല. ആസിയയുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ സ്വരമുയര്‍ത്തിയിരിന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് ആസിയയെ പാക്ക് സുപ്രീം കോടതി സുപ്രീംകോടതി കുറ്റവിമുക്തയാക്കിയത്. ഇതേതുടര്‍ന്നു ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്രിക് ഇ ലബ്ബായിക് എന്ന ഇസ്ളാമിക പാര്‍ട്ടി പാക്കിസ്ഥാനിലുടനീളം വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒരാഴ്ചക്കു ശേഷമാണ് ആസിയ ജയില്‍ മോചിതയായത്. എന്നാല്‍ കഴിഞ്ഞ എഴുമാസക്കാലം അജ്ഞാത കേന്ദ്രത്തില്‍ തടവറ തുല്യമായ ജീവിതം നയിക്കുകയായിരിന്നു ആസിയയും കുടുംബവും. ഇതിനാണ് ഒടുവില്‍ അവസാനമായിരിക്കുന്നത്.