Life In Christ

വിശുദ്ധ കുർബ്ബാനയെയും കന്യകാമറിയത്തെയും ആഴമായി സ്നേഹിച്ച ഈ രസതന്ത്രജ്ഞ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്വന്തം ലേഖകന്‍ 17-05-2019 - Friday

ഉന്നത വിദ്യാഭ്യാസം നേടി തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിലും ക്രിസ്തുവിനോട് ചേർന്ന് വിശുദ്ധമായ ജീവിതം നയിച്ച മരിയ ഗ്വാദലൂപ്പെ ഓര്‍ത്തിസ് എന്ന രസതന്ത്രജ്ഞ നാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ അത് ഈ ആധുനിക കാലഘട്ടത്തിലെ എല്ലാ വിശ്വാസികൾക്കും ഒരു പ്രചോദനമായിരിക്കും. മെയ് 18, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് സ്പെയിനിലെ മാഡ്രിഡിലുള്ള വിസ്തലേഗ്രെ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍വച്ചായിരിക്കും ഓപൂസ് ദേയി (Opus Dei) എന്ന കത്തോലിക്ക സമര്‍പ്പണപ്രസ്ഥാനത്തിന്‍റെ അംഗമായിരുന്ന മരിയ ഗ്വാദലൂപെ ഓര്‍ത്തിസ് കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുക.

1916-ല്‍ സ്പെയിനിലെ മാഡ്രിഡില്‍, മിലിട്ടറി ഉദ്ധ്യഗസ്ഥനായിരുന്ന മാനുവേല്‍ ഒര്‍ത്തിസിന്‍റെയും യുളോജിയുടെയും നാലാമത്തെ സന്തതിയായി മരിയ ഗ്വാദലൂപെ ജനിച്ചു. പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രസതന്ത്രം ഐച്ഛികവിഷയമായി തിരഞ്ഞെടുത്ത് യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചു. സ്പാനിഷ് അഭ്യന്തര കലാപകാലത്ത് ഗ്വലൂപെയുടെ പിതാവ് കൊല്ലപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ച ഗ്വാദലൂപെയ്ക്ക് 1944-ൽ ഒരു ഞായറാഴ്ചയിലെ ദിവ്യബലിമദ്ധ്യേയാണ് ദൈവം തന്നെ സ്പര്‍ശിക്കുന്നതായും വിളിക്കുന്നതായും അനുഭവപ്പെട്ടത്.

പിന്നീട്, ഫാദര്‍ ജോസ് മരിയ സ്ഥാപിച്ച “ഓപൂസ് ദേയി” പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിലൂടെ സാധാരണ ജീവിതത്തിലെ സ്വന്തം ജോലികള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചുകൊണ്ട് ക്രിസ്തുവിനെ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കാനാകുമെന്ന് ഗ്വാദലൂപെ തെളിയിച്ചു. ഈ പ്രസ്ഥാനത്തിലെ അര്‍ത്ഥികള്‍ക്കൊപ്പം ജീവിച്ച ഗ്വാദലൂപെ, സമര്‍പ്പിതയായ ഒരു അദ്ധ്യാപികയായും, ക്ഷമയും സ്നേഹവും നര്‍മ്മരസവുമുള്ള ഒരു വ്യക്തിയായും ഏവർക്കും അനുഭവപ്പെട്ടു.

രസതന്ത്രത്തിലുള്ള പ്രാവീണ്യം ആധാരമാക്കി ഉന്നതപഠനം നടത്തിയപ്പോഴും, ഗ്വാദലൂപെ പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്ന പദ്ധതികളിലും വ്യപൃതയായി. സുഹൃത്തായ ഡോക്ടറുടെ സഹായത്തോടെ തുടക്കമിട്ട മൊബൈല്‍ ക്ലിനിക്ക് അക്കാലത്തെ ഏറെ ശ്രദ്ധേയവും ഉപകാരപ്രദവുമായ സാമൂഹ്യസേവനമായിരുന്നു.

1965-ൽ മാനവികതയ്ക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തത്തോടെ ഗവേഷണപഠനം സമുന്നത ബഹുമിതയോടെ പൂര്‍ത്തിയാക്കിയ ഗ്വാദലൂപെ, തന്‍റെ പ്രശസ്തിയിലും ഉന്നതപദവിലും കൂദാശകളോടു, വിശിഷ്യ പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ആഴമായ ഭക്തിയിലും കന്യകാമാറിയത്തോടുള്ള സ്നേഹത്തിലും ഒരു നല്ല ക്രൈസ്തവയായി ജീവിച്ചു. ക്രൈസ്തവ ജീവിതം എന്നത് സാധാരണ ജനങ്ങള്‍ക്കൊപ്പമുള്ള ലാളിത്യമാര്‍ന്ന ജീവിതമാണെന്ന് മനസ്സിലാക്കിയ ഗ്വാദലൂപെ 1975 ജൂലൈ 16-ന് കര്‍മ്മലനാഥയുടെ തിരുനാള്‍ ദിനത്തില്‍ ഈ ലോകത്തിൽ നിന്നും ദൈവസന്നിധിയിലേക്ക് യാത്രയായി.

ക്രിസ്തുസ്നേഹത്തിന്‍റെ വിശ്വസ്ത സാക്ഷിയും ദൈവശുശ്രൂഷയില്‍ ഏറെ ആനന്ദവതിയുമായിരുന്ന മരിയ ഗ്വാദലൂപെയുടെ നാമകരണ നടപടികള്‍ക്കു 2001-ല്‍ തുടക്കം കുറിച്ചു. 20017-ല്‍ ഫ്രാന്‍സിസ് മാർപാപ്പ ദൈവദാസി ഗ്വാദലൂപെയുടെ വീരോചി പുണ്യങ്ങള്‍ അംഗീകരിച്ചു. 2018-ല്‍ ധന്യയായ ഗ്വാദലൂപെയുടെ മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി അംഗീകരിക്കുകയും വാഴ്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള ഡിക്രി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

സാധാരണജീവിത ചുറ്റുപാടുകളിലും ദൈവം നമ്മെ വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന, വൈദികരും നിരവധി അല്‍മായരുമടങ്ങുന്ന കത്തോലിക്ക ആത്മീയപ്രസ്ഥാനമാണ് “ഓപൂസ് ദേയി". ലോകത്തെ 90 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം അംഗങ്ങളുള്ളതില്‍ 90 ശതമാനവും കുടുംബസ്ഥരായ അല്‍മായരും മറ്റുള്ളവര്‍ അജപാലനശുശ്രൂഷയില്‍ സജീവരായ വൈദികരുമാണ്. ഓപൂസ് ദേയിയുടെ ആദ്യത്തെ അല്‍മായയായ വാഴ്ത്തപ്പെട്ടവലായിരിക്കും മരിയ ഗ്വാദലൂപ്പെ ഓര്‍ത്തിസ്.

More Archives >>

Page 1 of 8