News - 2024

ദൈവമാതാവിന്റെ ജനന തിരുനാളിന് പൊതുഅവധി: ഫിലിപ്പീന്‍സില്‍ ബില്ല് പാസാക്കി

സ്വന്തം ലേഖകന്‍ 21-05-2019 - Tuesday

മനില: പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബർ 8നു ഫിലിപ്പീന്‍സില്‍ പ്രത്യേക അവധിദിനമായി പ്രഖ്യാപിക്കാനായുള്ള ബില്ല് സെനറ്റ് പാസാക്കി. 19 സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ എതിർത്ത് ആരും വോട്ട് ചെയ്തില്ലായെന്നത് ശ്രദ്ധേയമാണ്. ജനപ്രതിനിധി സഭ പ്രസ്തുത ബില്ല് ഡിസംബറിൽ പാസാക്കിയിരുന്നു. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടർട്ടെ ബില്ലിൽ ഒപ്പുവച്ചാൽ ബില്ല് നിയമമായി മാറും. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി അവധി നൽകുന്ന രണ്ടാമത്തെ മരിയൻ തിരുനാൾ ദിനമായാണ് സെപ്റ്റംബർ 8 മാറാന്‍ പോകുന്നത്.

കഴിഞ്ഞ ഡിസംബർ മാസത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം ഔദ്യോഗിക അവധിദിനമായി ഫിലിപ്പീൻസിൽ പ്രഖ്യാപിച്ചിരുന്നു. ദൈവമാതാവിനോടുള്ള മാധ്യസ്ഥത്തിന് പ്രത്യേക പ്രാധാന്യമാണ് ഫിലിപ്പീന്‍സ് ജനത നല്‍കുന്നത്. 1942 സെപ്റ്റബർ 12 ന് 'ഇംപോസ്തി നോബിസ്' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ, അമലോത്ഭവ മറിയത്തെ ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി പ്രഖ്യാപിച്ചിരിന്നു. രാജ്യത്തെ 81% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.


Related Articles »