Life In Christ
കുരിശ് സമം സ്നേഹം: കിരീട വിജയത്തില്‍ ക്രിസ്തീയ സാക്ഷ്യവുമായി ലിവർപൂൾ ഗോൾകീപ്പർ
സ്വന്തം ലേഖകന്‍ 03-06-2019 - Monday
മാഡ്രിഡ്: ലോകത്തെ ആവേശത്തിലാഴ്ത്തിയ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാം ഹോട്ട്സ്പൂരിനെതിരെ വിജയം നേടിയതിനു പിന്നാലെ ക്രൈസ്തവ വിശ്വാസം കാണികള്‍ക്ക് മുന്നില്‍ സാക്ഷ്യപ്പെടുത്തി ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ബക്കര്‍. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയത്തിനു ശേഷം ആലിസൺ 'കുരിശ് സമം സ്നേഹം' എന്ന ടീ ഷർട്ട് ധരിച്ചാണ് ലോകത്തിനു മുമ്പിൽ ക്രിസ്തു സ്നേഹത്തിന്റെ സാക്ഷിയായി മാറിയത്.
മത്സരശേഷം മുട്ടുകുത്തി ഇരുകരങ്ങളും ആകാശത്തിലേക്കു ഉയര്‍ത്തിയാണ് അദ്ദേഹം ആദ്യം തന്റെ ദൈവ വിശ്വാസം പ്രകടമാക്കിയത്. തുടര്‍ന്നായിരിന്നു കുരിശ് വരച്ച ടീ ഷര്‍ട്ടുമായുള്ള വിശ്വാസ സാക്ഷ്യം. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ തങ്ങള്‍ക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ താരം അറിയിച്ച കുറിപ്പിലും അദ്ദേഹം തന്റെ ദൈവ വിശ്വാസം പങ്കുവെച്ചിരിന്നു.
സോഷ്യൽ മീഡിയയിലൂടെ അവസരം കിട്ടുമ്പോഴെല്ലാം ദൈവത്തെ പ്രകീർത്തിക്കുന്നയാളാണ് ആലിസൺ ബക്കർ എന്ന ബ്രസീലുകാരൻ ഗോൾകീപ്പർ. ബ്രസീലിനു വേണ്ടി ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചപ്പോൾ, ദൈവത്തിന് നന്ദി പറഞ്ഞ് ആലിസൺ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഒരിക്കൽ ഭാവി ഗോൾകീപ്പർമാരോട് പറയാൻ എന്തെങ്കിലും ഉപദേശം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ, നിങ്ങൾ ഫുട്ബോളിന് ശ്രദ്ധ നൽകുന്നത് പോലെ ദൈവ വിശ്വാസത്തിനും വലിയ പ്രാധാന്യം നൽകണമെന്ന് ആലിസൺ പറഞ്ഞിരുന്നു.
നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നുവെങ്കിൽ കളിക്കളത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, അതേപോലെ ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്നേഹത്തോടുകൂടി ചെയ്യുകയെന്നും ആലിസൺ ബക്കർ അന്നു ഓര്‍മ്മപ്പെടുത്തി. കത്തോലിക്കാ വിശ്വാസിയാണ് ആലിസൺ ബക്കർ.