News - 2024

പെന്തക്കുസ്തയ്ക്കു കാല്‍നട തീര്‍ത്ഥാടനവുമായി മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 20-06-2019 - Thursday

പാരീസ്, ഫ്രാന്‍സ്: പെന്തക്കുസ്ത തിരുനാളിനോട് അനുബന്ധിച്ച് ഫ്രഞ്ച് ജനത തുടരുന്ന വിശ്വാസ മാതൃക സ്വീകരിച്ചുകൊണ്ട് മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരും കാല്‍നട തീര്‍ത്ഥാടനം നടത്തി. “ക്രിസ്തുവിന്റെ സമാധാനം ക്രിസ്തുവിന്റെ ഭരണത്തിലൂടെ” എന്ന സന്ദേശവുമായി പാരീസിലെ നോട്രഡാം കത്തീഡ്രലില്‍ നിന്നും ആരംഭിച്ച് ചാര്‍ട്രസ്സിലെ ദേവാലയത്തില്‍ അവസാനിക്കുന്ന തീര്‍ത്ഥാടനമാണ് മധ്യപൂര്‍വ്വേഷ്യയിലെ പീഡിത ക്രൈസ്തവ സമൂഹവും വീണ്ടും പുനരാവിഷ്ക്കരിച്ചത്. ‘എസ്.ഒ.എസ് ക്രീറ്റിയന്‍സ് ഡി’ഓറിയന്റ്’ എന്ന ഫ്രഞ്ച് സന്നദ്ധ സംഘടനയാണ് ഇറാഖിലെയും സിറിയയിലെയും തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചത്.

ഇറാഖ്, ലെബനന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ തീര്‍ത്ഥാടകര്‍ ചെറുസംഘങ്ങളായി അറബിയിലും, ഫ്രഞ്ച് ഭാഷയിലും മാറി മാറി ജപമാലകള്‍ ചൊല്ലികൊണ്ടാണ് തീര്‍ത്ഥാടനങ്ങള്‍ നടത്തിയത്. പ്രാര്‍ത്ഥനയുടേയും ഐക്യത്തിന്റേയും പ്രതീകമായിട്ടാണ്‌ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിച്ചതെന്നു സംഘടന വ്യക്തമാക്കി. ഡമാസ്കസ്, ഹോംസ്, ആലപ്പോ എന്നിവിടങ്ങളിലൂടെ മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ ഓരംപറ്റി ദാഹെര്‍ സഫ്രാഗ്രാമത്തിലെ സെന്റ്‌ ചാര്‍ബേല്‍വഴിയാണ് സിറിയന്‍ തീര്‍ത്ഥാടകരും വോളണ്ടിയര്‍മാരും സിറിയയിലെ ക്രിസ്ത്യാനികളുടെ താഴ്‌വര എന്നറിയപ്പെടുന്ന ‘വാദി അല്‍ നസറാ’യിലെ പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയത്തിലെത്തിയത്.

ഇറാഖിലെ തീര്‍ത്ഥാടകര്‍ നിനവേ താഴ്‌വര വഴി അല്‍ക്വോഷിലെ ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട റബ്ബാന്‍ ഹോര്‍മിസ്‌ഡ് ആശ്രമത്തിലെ കല്‍ദായ കത്തോലിക്കാ ദേവാലയത്തിലാണ് തീര്‍ത്ഥാടനം നടത്തിയത്. നേരത്തെ മധ്യപൂര്‍വ്വേഷ്യയിലെ തീര്‍ത്ഥാടനങ്ങള്‍ക്ക് പ്രചോദനമേകിയ ഫ്രാന്‍സിലെ ‘നോട്രഡാം - ചാര്‍ട്രസ്സ് വോക്ക്’ല്‍ ഇക്കൊല്ലം പതിനാലായിരത്തോളം തീര്‍ത്ഥാടകര്‍ അണിചേര്‍ന്നിരിന്നു. ജൂണ്‍ 8ന് രാവിലെ ആരംഭിച്ച തീര്‍ത്ഥാടനം 62 മൈലുകള്‍പിന്നിട്ട് ജൂണ്‍ 10-ന് ചാര്‍ട്രസ്സിലെ പരിശുദ്ധ കന്യകാമാതാവിന്റെ കത്തീഡ്രലിലാണ് അവസാനിച്ചത്.

More Archives >>

Page 1 of 463