News - 2024

സർക്കാർ ഭൂമിയിൽ കുരിശ് നിലനിൽക്കും: അമേരിക്കൻ സുപ്രീം കോടതിയുടെ വിധി

സ്വന്തം ലേഖകന്‍ 21-06-2019 - Friday

മേരിലാൻഡ്: ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച അമേരിക്കൻ സൈനികരുടെ ഓർമ്മക്കായി സ്ഥാപിച്ച സ്ഥലത്തു സ്ഥിതി ചെയ്യുന്ന കുരിശ് സർക്കാർ ഭൂമിയിൽ തന്നെ നിലനിര്‍ത്തുവാന്‍ യു‌എസ് സുപ്രീം കോടതിയുടെ വിധി. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ കുരിശിനെ സംബന്ധിച്ചാണ് പുതിയ കോടതി പ്രഖ്യാപനം. സുപ്രീംകോടതിയിലെ ഒന്‍പതു ജസ്റ്റിസുമാരിൽ ഏഴുപേർ വിധിക്ക് അനുകൂലമായും, രണ്ടുപേർ മാത്രം വിധിക്ക് പ്രതികൂലമായും വോട്ടു രേഖപ്പെടുത്തി. ഇതോടെ കുരിശ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട അമേരിക്കൻ ഹ്യൂമനിസ്റ്റ് അസോസിയേഷൻ എന്ന നിരീശ്വരവാദ പ്രസ്ഥാനത്തിന് വൻ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.

ബ്ലാഡൻസ്ബെർഗ് പീസ് ക്രോസ് എന്നറിയപ്പെടുന്ന കുരിശ് ക്രിസ്തീയമായ അടയാളമെന്നതിലുപരി പല ആളുകൾക്കും അതിനോട് വ്യത്യസ്തമായ വൈകാരിക ബന്ധമാണ് ഉള്ളതെന്നും അതിനാൽ കുരിശ് എടുത്ത് മാറ്റുന്നത് അമേരിക്കൻ സമൂഹത്തിൽ ഭിന്നത വിതയ്ക്കാൻ കാരണമാകുമെന്നും ജസ്റ്റിസുമാർ അഭിപ്രായപ്പെട്ടു. കുരിശ് തൽസ്ഥാനത്ത് നിലനിര്‍ത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നുളള കീഴ് കോടതിവിധിക്ക് തിരിച്ചടിയാണ് പുതിയ സുപ്രീംകോടതി വിധി.

രാജ്യത്തിന് വേണ്ടി സര്‍വ്വതും വെടിഞ്ഞ സൈനികർക്ക് ആദരവായാണ് ബ്ലാഡൻസ്ബെർഗ് പീസ് ക്രോസ് നിലനിൽക്കുന്നതെന്നും അവരുടെ ഓർമ്മകളെ ആദരിക്കണമെന്നുമാണ് സുപ്രീംകോടതി വിധിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം എന്ന സംഘടനയിലെ അംഗമായ ഡേവിഡ് കോർട്ട്മാൻ പറഞ്ഞു. ഫാമിലി റിസേർച്ച് കൗൺസിലും വിധിയെ അഭിനന്ദിച്ച് രംഗത്തെത്തി. 1925ലാണ് 40 അടി ഉയരമുള്ള കുരിശ്, ഗ്രാനൈറ്റും സിമന്റും ഉപയോഗിച്ച് മേരിലാന്റില്‍ നിര്‍മ്മിച്ചത്.

More Archives >>

Page 1 of 463