News - 2024

അസാധാരണ മിഷ്ണറി മാസത്തിന് ഒരുക്കങ്ങളുമായി മലാവിയിലെ സെമിനാരി വിദ്യാർത്ഥികൾ

സ്വന്തം ലേഖകന്‍ 16-07-2019 - Tuesday

ലിലോംഗ്വെ: ഫ്രാൻസിസ് മാർപാപ്പ അസാധാരണ മിഷ്ണറി മാസമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിനും അതിനു മുന്നോടിയായും ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുളള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ മലാവിയിലെ മിഞ്ചിയിൽ സ്ഥിതിചെയ്യുന്ന കച്ചിബറെ ഫിലോസഫിക്കൽ മേജർ സെമിനാരിയിലെ വിദ്യാർത്ഥികൾ. സഭയിൽ പരിപൂര്‍ണ്ണ സന്നിഹിതനായ യേശുക്രിസ്തുവുമായുള്ള ഒരു വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ തങ്ങളുടെ ജീവിതത്തിലും, സഭയിലും ഒരു മിഷ്ണറി ഉണർവ് രൂപപ്പെടുത്തിയെടുക്കാനാണ് സെമിനാരി വിദ്യാർത്ഥികളുടെ തീരുമാനം. അസാധാരണ മിഷ്ണറി മാസത്തോട് അനുബന്ധിച്ച് സെമിനാരിക്കു ചുറ്റും താമസിക്കുന്ന സമൂഹങ്ങളുടെ ഇടയിലേക്ക് അവരുടെ വിശ്വാസം വർധിപ്പിക്കാൻ ഉതകുന്ന പദ്ധതികളുമായി കടന്നുചെല്ലാന്‍ സെമിനാരി വിദ്യാർത്ഥികൾ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്.

വൈദിക ജീവിതത്തിനായും, മിഷ്ണറി പ്രവർത്തനങ്ങൾക്കായും ഭാവിയിലെ സഭാനേതാക്കന്മാരെ വളർത്തിയെടുക്കാനായി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ജൂൺ മാസം ആദ്യം സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് ഒടുവിലാണ് സെമിനാരി വിദ്യാർത്ഥികൾ തങ്ങളുടെ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. തങ്ങളുടെ രാജ്യത്തും, മറ്റുള്ള രാജ്യങ്ങളിലും മിഷ്ണറി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനെ പറ്റിയും, ദൈവവിളികൾ പ്രോത്സാഹിപ്പിക്കുന്നതിനെ പറ്റിയും മറ്റും തങ്ങൾക്ക് പറയാനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അവർ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ദേശീയ അധ്യക്ഷനായ ഫാ. വിൻസെന്റ് മക്ക്വാവയ്ക്കും സെമിനാരി റെക്ടർക്കും കൈമാറി. സുവിശേഷം എത്താത്ത സ്ഥലങ്ങളിലും ദൈവവേല ചെയ്യാനായുള്ള തങ്ങളുടെ ആഗ്രഹം അവർ അറിയിച്ചു. മിഷ്ണറി മാസത്തോട് അനുബന്ധിച്ച് നിർദ്ദേശങ്ങൾ ധൈര്യപൂർവ്വം മുന്നോട്ടു വെച്ച സെമിനാരി വിദ്യാർഥികളെ ഫാ. വിൻസെന്റ് മക്ക്വാവ അഭിനന്ദിച്ചു.

More Archives >>

Page 1 of 471