News - 2025
സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും ബുര്‍ക്കിനോ ഫാസോയില്‍ ഇനി അംഗീകാരം
സ്വന്തം ലേഖകന്‍ 14-07-2019 - Sunday
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്ക് പേരുകേട്ട ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയുമായി ഉടമ്പടി സ്ഥാപിച്ച് വത്തിക്കാന്‍. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും നൈയാമിക അംഗീകാരം നല്കുന്ന ഉടമ്പടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച (12/07/2019) വത്തിക്കാനില്‍ വച്ചാണ് ഒപ്പുവെച്ചത്. വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ പരിശുദ്ധ സിംഹാസനത്തിനു വേണ്ടിയും ബുര്‍ക്കിനോ ഫാസോയുടെ വിദേശകാര്യ സഹകരണ വകുപ്പ് മന്ത്രി ആല്‍ഫ ബാരി രാജ്യത്തെ പ്രതിനിധീകരിച്ചും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ബുര്‍ക്കിനോ ഫാസോയില്‍ കത്തോലിക്കാസഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അംഗീകാരം നല്കുന്നതാണ് പുതിയ ഉടമ്പടി. രാഷ്ട്രത്തിന്‍റെയും സഭയുടെയും സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും ആദരിച്ചുകൊണ്ട് ഇരുവിഭാഗവും പൊതുനന്മ പരിപോഷിപ്പിക്കുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉടമ്പടി സഹായമാകും. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലായി വൈദികന്‍ ഉള്‍പ്പെടെ പതിനഞ്ചോളം ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്തു കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് പുതിയ പ്രതീക്ഷയാണ് ബുര്‍ക്കിനോ ഫാസോ- വത്തിക്കാന്‍ ഉടമ്പടി നല്‍കുന്നത്.