News - 2024

ആഗോള തലത്തില്‍ പീഡനത്തിനിരയാകുന്നത് 24.5 കോടി ക്രിസ്ത്യാനികള്‍

സ്വന്തം ലേഖകന്‍ 17-07-2019 - Wednesday

വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ചു അന്വേഷിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. വത്തിക്കാനിലെ ബ്രിട്ടീഷ് എംബസ്സി റോമിലെ വിശുദ്ധ ബര്‍ത്തലോമിയോ ബസലിക്കയില്‍ വെച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നു പ്രസിദ്ധീകരണ ചടങ്ങില്‍ വെച്ച് വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസഡര്‍ സാലി ആക്സ്വര്‍ത്തി പറഞ്ഞു.

യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെങ്ങുമായി 24.5 കോടി ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് പീഡിപ്പിക്കപ്പെടുന്ന ആളുകളില്‍ 80 ശതമാനവും ക്രൈസ്തവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ക്രിസ്ത്യാനികള്‍ തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2011-ല്‍ 14 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന സിറിയയില്‍ ഇപ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം വെറും 4,50,000മാണ്. പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ഫൈസലാബാദ് രൂപതയിലെ ഫാ. ബോനിഫസ് മെന്‍ഡസ് വിവരിക്കുന്നുണ്ട്.

മെഡിക്കല്‍ പഠനം പോലെയുള്ള ഉന്നത പരീക്ഷകളില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ എത്ര നല്ല മാര്‍ക്ക് മേടിച്ചാലും ഖുറാന്‍ അറിയില്ല എന്ന കാരണത്താല്‍ അവര്‍ക്ക് 20 മാര്‍ക്ക് നഷ്ടപ്പെടുകയാണെന്നും, ഖുറാന്‍ അറിയുന്നവര്‍ക്ക് 20 മാര്‍ക്ക് അധികം ലഭിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിശ്വാസവുമായി ബന്ധപ്പെട്ടതിനാല്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സഭയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് ധനസഹായം നല്‍കുവാന്‍ വിസമ്മതിക്കുന്ന ബ്രിട്ടന്‍ ഇസ്ലാമിക സ്കൂളുകള്‍ക്ക് നല്‍കുന്ന ഫണ്ട് എങ്ങോട്ടാണ് പോകുന്നതെന്ന് പോലും അറിയുന്നില്ല. കൂടാതെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും നിര്‍ബന്ധപൂര്‍വ്വം കല്യാണം കഴിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന പതിവും രാജ്യത്തുണ്ടെന്ന് ഫാ. ബോനിഫസ് വിവരിച്ചു.

നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ച് നൈജീരിയയില്‍ മെഡിക്കല്‍ രംഗത്ത് സേവനം ചെയ്യുന്ന സിസ്റ്റര്‍ മോണിക്കാ ചിക്ക്വേയാണ് പറയുന്നത്. അജ്ഞതയും വിദ്യാഭ്യാസമില്ലായ്മയുമാണ്‌ നൈജീരിയയിലെ മതപീഡനത്തിന്റെ പ്രധാന കാരണമെന്നും, അതുകൊണ്ടാണ് ചില മതങ്ങള്‍ക്ക് അനുയായികളുടെ ഉള്ളില്‍ അക്രമപരമായ ആശയങ്ങള്‍ കുത്തിനിറക്കുവാന്‍ കഴിയുന്നതെന്നും, ഒരാളെ കൊന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്നാണ് അവരെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്നതെന്നും സിസ്റ്റര്‍ മോണിക്ക പറഞ്ഞു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഠനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുവാന്‍ റിപ്പോര്‍ട്ടിന് കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

More Archives >>

Page 1 of 471