News - 2025
ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന യുഎന്നിന് പണം നൽകില്ല: നിലപാട് ആവര്‍ത്തിച്ച് അമേരിക്ക
സ്വന്തം ലേഖകന്‍ 20-07-2019 - Saturday
വാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞ രണ്ടുവർഷത്തേതിന് സമാനമായി മൂന്നാമത്തെ വർഷവും തുടർച്ചയായി ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷൻ ഫണ്ടിന് അമേരിക്ക പണം നൽകില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇതോടെ 32.5 മില്യൺ ഡോളർ ഗര്‍ഭഛിദ്രത്തെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന പോപ്പുലേഷൻ ഫണ്ടിന് കിട്ടില്ലെന്നുറപ്പായി. പോപ്പുലേഷൻ ഫണ്ട് ഏജൻസിയും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പോപ്പുലേഷൻ ഫണ്ട് ഏജൻസി ചൈനയുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ഭ്രൂണഹത്യയും വന്ധീകരണവും ചൈനയുടെ കുടുംബാസൂത്രണ നയങ്ങളിൽ ഭാഗമാണ്.
നിലവില്‍ മാറ്റിവെച്ച തുക അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയിലേക്കാകും നല്‍കുക. ഇത് മെക്സിക്കോ സിറ്റി നയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീകളുടെ ഗർഭകാലത്തെ ആരോഗ്യ പരിപാലനത്തിനായി ഉപയോഗിക്കപ്പെടും. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാലഘട്ടത്തിൽ പോപ്പുലേഷൻ ഫണ്ട് ഏജൻസിക്ക് വലിയതോതിൽ പണം ലഭിച്ചിരുന്നു. എന്നാൽ 2017 ൽ സ്ഥാനമേറ്റെടുത്തപ്പോൾതന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോപ്പുലേഷൻ ഫണ്ട് ഏജൻസിക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്ന ഉത്തരവിൽ ഒപ്പിടുകയായിരിന്നു.