News - 2025
നൈജീരിയയില്‍ കത്തോലിക്ക വൈദികനു നേരെ വെടിവെയ്പ്പ്
സ്വന്തം ലേഖകന്‍ 22-07-2019 - Monday
എനുഗു, നൈജീരിയ: നൈജീരിയയിലെ എനുഗു രൂപതയിലെ കത്തോലിക്ക വൈദികനു നേരെ മുസ്ലീം ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനി തീവ്രവാദികളുടെ ആക്രമണം. ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യക്ക് കിഴക്കന്‍ ന്‍ഗാനു പ്രാദേശിക സര്‍ക്കാര്‍ പരിധിയിലുള്ള നൂമേ-നെന്‍വേ റോഡില്‍ വെച്ചായിരുന്നു നൂമേ സെന്റ് പാട്രിക്ക് കത്തോലിക്കാ ദേവാലയ വികാരിയായ റവ. ഫാ. ഇക്കെച്ചുക്വു ഇലോക്കു നേരെ വെടിവെയ്പ്പുണ്ടായത്. നൂമേയിലെ എനുഗു രൂപതക്ക് വേണ്ടി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ റവ. ഫാ. ബെഞ്ചമിന്‍ അച്ചിയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്.
വാഹനത്തില്‍ വരികയായിരിന്ന വൈദികനു നേരെ ഇംഗ്ലീഷും, ഫുലാനി ഭാഷയും സംസാരിക്കുന്ന, എകെ 47 തോക്കേന്തിയ രണ്ടു ഫുലാനി തീവ്രവാദികള്‍ വണ്ടി തടഞ്ഞു വെടിയുതിര്‍ക്കുവാന്‍ ശ്രമിക്കുകയുമായിരിന്നു. എന്നാല്‍ വണ്ടി നിറുത്തില്ലായെന്ന് കണ്ടതോടെ വെടിവെയ്പ്പ് ആരംഭിച്ചു. തന്റെ കണങ്കാലിലും, തോളിലും, കൂടെയുണ്ടായിരുന്ന ആളിന്റെ കാലിലും, അരക്കും വെടിയേറ്റുയെന്ന് ഫാ. ഇക്കെച്ചുക്വു പറഞ്ഞതായി ഫാ. ബെഞ്ചമിന്‍ അറിയിച്ചു. ഉടന്‍ ചികിത്സ ലഭ്യമാക്കിയതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്.
വൈദികന്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും, അക്രമികളെ ഉടന്‍തന്നെ പിടികൂടുമെന്നും പോലീസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എബേരെ അമരായിസു ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും ഫുലാനികളാണ് ആക്രമത്തിന്റെ പിന്നിലെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നില്ല. അജ്ഞാതരായ വ്യക്തികളാല്‍ ആക്രമിക്കപ്പെട്ടു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഏവര്‍ക്കും പ്രിയങ്കരനായ വൈദികന് നേര്‍ക്കുണ്ടായ ആക്രമണം നൂമേയിലും പരിസര പ്രദേശങ്ങളിലും ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. ഫുലാനി ഗോത്രക്കാരുടെ ആക്രമണങ്ങള്‍ ഏറ്റവും അടിയന്തിരമായി കൈകാര്യം ചെയ്യേണ്ട വിഷയമായി മാറിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന വിമര്‍ശനം വ്യാപകമാണ്.