News
ക്രിസ്റ്റല്‍ കത്തീഡ്രല്‍ തുറന്നു, ക്രൈസ്റ്റ് കത്തീഡ്രലായി
സ്വന്തം ലേഖകന്‍ 22-07-2019 - Monday
കാലിഫോര്‍ണിയ: ഏഴ് വർഷം നീണ്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുന്‍ പ്രൊട്ടസ്റ്റന്റ് ദേവാലയം കത്തോലിക്ക ദേവാലയമാക്കി കൂദാശ ചെയ്തു. അമേരിക്കയിലെ ഓറഞ്ച് രൂപതയാണ് ദേവാലയ നവീകരണം പൂര്‍ത്തിയാക്കി ജൂലൈ 17നു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ് കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പതിനായിരത്തിലധികം ഗ്ലാസ് പാനുകൾ ഉപയോഗിച്ചുള്ള നിർമാണരീതിയാണ് കത്തീഡ്രല്‍ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.
നാല് മണിക്കൂർ നീണ്ടുനിന്ന ദേവാലയ കൂദാശ തിരുക്കർമങ്ങൾക്ക് സാക്ഷിയാകാൻ മൂവായിരത്തിൽപ്പരം പേർ എത്തിയിരുന്നു. 2012 ഫെബ്രുവരിയിൽ, 57.5 മില്യണ്‍ ഡോളറിനാണ് പ്രൊട്ടസ്റ്റന്റ് അധികൃതരില്‍ നിന്ന്‍ കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപത കത്തീഡ്രൽ ഏറ്റെടുക്കുന്നത്. 34 എക്കറിൽ ഏഴ് കെട്ടിടങ്ങളായാണ് ക്രൈസ്റ്റ് കത്തീഡ്രൽ ദേവാലയവും അണുബന്ധ കെട്ടിടങ്ങളും വ്യാപിച്ചിരിക്കുന്നത്. ദിവ്യകാരുണ്യ ആരാധനക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനുമായി വാരാന്ത്യങ്ങളിൽ മാത്രം ദേവാലയം തുറന്നുനൽകുവാനാണ് നിലവിൽ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.