News - 2025
ഓര്‍മ്മകള്‍ അയവിറക്കി എമിരറ്റസ് ബെനഡിക്ട് മാർപാപ്പ വേനൽക്കാല വസതിയിൽ
സ്വന്തം ലേഖകന്‍ 27-07-2019 - Saturday
വത്തിക്കാന്‍ സിറ്റി: മാർപാപ്പമാരുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗണ്ടോൾഫോയിൽ എമിരറ്റസ് ബെനഡിക്ട് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു വർഷത്തിനു ശേഷം ഇതാദ്യമായി ബെനഡിക്റ്റ് പാപ്പ ഇവിടെ എത്തുന്നത്. പദവിയിലായിരുന്ന സമയത്ത് വേനൽക്കാലങ്ങളിൽ ബെനഡിക്ട് മാർപാപ്പ സ്ഥിരമായി താമസിച്ചിരുന്നത് കാസ്റ്റൽ ഗണ്ടോൾഫോയിലായിരുന്നു. ഇറ്റാലിയൻ സർക്കാരുമായി ഒപ്പിട്ട ലാറ്ററൻ ഉടമ്പടിക്ക് ശേഷമാണ് കാസ്റ്റൽ ഗണ്ടോൾഫോയുടെ മേലുള്ള നിയന്ത്രണം വത്തിക്കാനു ലഭിക്കുന്നത്.
പൂന്തോട്ടത്തിലൂടെയുള്ള മുന്‍ പാപ്പയുടെ നടത്തത്തിന്റെ ചിത്രങള്‍ നവ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോക്കാ ഡി പാപ്പ നഗരത്തിലെ മരിയൻ ദേവാലയവും അദ്ദേഹം സന്ദർശിച്ചു. പിന്നീട് റോമിന് വെളിയിലുള്ള ഫ്രസേറ്റി പട്ടണത്തിലെത്തിയ പാപ്പ അവിടുത്തെ ബിഷപ്പായ റാഫേലോ മാർട്ടിനെല്ലിയോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ അത്താഴം കഴിച്ചു. ബെനഡിക്റ്റ് മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിനും ഉണ്ടായിരുന്നു.
2013ൽ പദവി ഒഴിഞ്ഞതിനുശേഷം മാത്തര്‍ എക്ളേസിയെ ആശ്രമത്തിൽ പ്രാർത്ഥനാ ജീവിതം നയിക്കുകയാണ് തൊണ്ണൂറ്റിരണ്ടുവയസ്സുകാരനായ ബെനഡിക്ട് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പ ഇടയ്ക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്താറുണ്ട്.