News - 2025
അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി മലയാളി വൈദികന്‍
സ്വന്തം ലേഖകന്‍ 27-07-2019 - Saturday
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ലെബനോനില്‍ നടക്കുന്ന കത്തോലിക്ക ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി മലയാളി വൈദികനെ വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമിച്ചു. ജെസ്യൂട്ട് സഭാംഗവും കുട്ടനാട് സ്വദേശിയുമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിനായാണ് വത്തിക്കാന്‍ നിയമിച്ചിരിക്കുന്നത്.
ലെബനോനില്‍ നടത്തുന്ന അന്തര്‍ദേശീയ സഭൈക്യ ദൈവശാസ്ത്ര സംവാദത്തില്‍ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ കുര്‍ഹ് കോഹിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്ത്യയില്‍നിന്നുള്ള മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് (യാക്കോബായ), മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ (ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്) സഭകളുള്‍പ്പെടെയുള്ള ആറ് ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രജ്ഞരും പങ്കെടുക്കും.
30 പേര്‍ പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തില്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാ. ജിജിയാണ്. നിലവില്‍ സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി അംഗവും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കണ്‍സള്‍ട്ടന്റും കര്‍ദ്ദിനാള്‍ ന്യൂമാന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍ ഓക്‌സ്‌ഫെ ഡ്ഷയറിന്റെ ചാപ്ലിനുമാണ് അദ്ദേഹം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017 ഓഗസ്റ്റ് 19നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപത വൈദികനായ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തില്‍ സഹോദരനാണ്.