News - 2025
പശ്ചിമേഷ്യന്‍ ക്രൈസ്തവര്‍ക്കായി വീണ്ടും കരങ്ങള്‍ കോര്‍ത്ത് ഓര്‍ത്തഡോക്സ്- കത്തോലിക്ക സഭ നേതൃത്വം
സ്വന്തം ലേഖകന്‍ 25-07-2019 - Thursday
മോസ്കോ: പശ്ചിമേഷ്യയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്നു സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ സഹായിക്കാൻ കത്തോലിക്കാ സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും വീണ്ടും കൈകോർക്കുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ കൊണിഗ്സ്റ്റീനിൽ കഴിഞ്ഞ ആഴ്ച മോസ്കോ പാത്രിയാർക്കീസ് കിറിലിന്റെ പ്രതിനിധി സംഘം നടത്തിയ സന്ദര്‍ശനത്തിലാണ് ഇക്കാര്യം തീരുമാനമായത്. യുദ്ധത്തിൽ തകർന്ന ഇറാഖിലും സിറിയയിലും പുതിയ പദ്ധതികൾ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.
സിറിയയിലെയും, ഇറാഖിലെയും യുവജനങ്ങൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കാൻ സഹായം നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. മാർപാപ്പയും, പാത്രിയർക്കീസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാണ് ഈ യോജിപ്പെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡും, റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളും ഒരേപോലെ അഭിപ്രായപ്പെട്ടു. റഷ്യൻ ഓർത്തഡോക്സ് സഭയുമായി യോജിപ്പിൽ മുന്നോട്ടുപോകാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്. സഭാ നേതാക്കളുടെ കൂടിക്കാഴ്ചക്കു ശേഷം ഉടനെ തന്നെ റഷ്യൻ സഭയുമായി ചേർന്ന് ആദ്യ പദ്ധതികൾ പശ്ചിമേഷ്യയിൽ സംഘടന നടപ്പിലാക്കിയിരുന്നു.
റഷ്യൻ സഭയ്ക്കും, കത്തോലിക്കാ സഭയ്ക്ക് ഒരേപോലെ ഉത്ക്കണ്ഠകൾ ഉണ്ടെന്നും, അതിൽ ഏറ്റവും വേദനയുള്ളത് പശ്ചിമേഷ്യയിലും, മറ്റ് രാജ്യങ്ങളിലും പീഡനം ഏൽക്കുന്ന ക്രിസ്ത്യാനികളുടെ അവസ്ഥയിലാണെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയുടെ പ്രൊജക്ട് ഡയറക്ടർ റജീനാ ലിഞ്ച് പറഞ്ഞു. കത്തോലിക്കാ സഭയും, റഷ്യൻ ഓർത്തഡോക്സ് സഭയും സംയുക്തമായി വിവിധ പദ്ധതികൾ ആരംഭിക്കാൻ കൈകോർക്കുമെന്ന് നേരത്തെ ഫ്രാൻസിസ് മാർപാപ്പയും, പാത്രിയാർക്കീസ് കിറിലും ഒരുമിച്ച് വ്യക്തമാക്കിയിരിന്നു. 2016 ഫെബ്രുവരി മാസമാണ് ക്യൂബയിലെ ഹവാനയിൽ ഈ സുപ്രധാന പ്രഖ്യാപനം ഇതുവരും നടത്തിയത്.