News
ബ്രിട്ടനിലെ ജനപ്രതിനിധി സഭ ഇനി പ്രോലൈഫുകാരനായ കത്തോലിക്കന്റെ കൈയില്‍ ഭദ്രം
സ്വന്തം ലേഖകന്‍ 26-07-2019 - Friday
ലണ്ടന്‍: അടിയുറച്ച കത്തോലിക്ക വിശ്വാസിയും ജീവന്റെ മൂല്യങ്ങള്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രോലൈഫ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജേക്കബ് റീസ്-മോഗ് ഇനി ബ്രിട്ടീഷ് ജനപ്രതിനിധി സഭയെ (ഹൗസ് ഓഫ് കോമണ്‍സ്) നയിക്കും. തെരേസ മേ രാജിവെച്ചതിനെ തുടര്‍ന്ന്‍ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗവും ബ്രെക്സിറ്റ് വക്താവുമായ റീസ്-മോഗ് ബ്രിട്ടീഷ് ജനപ്രതിനിധി സഭയുടെ നായകനാകുവാന്‍ കളമൊരുങ്ങിയത്.
വ്യക്തി ജീവിതത്തിലും, ഭരണരംഗത്തും തന്റെ ക്രൈസ്തവ വിശ്വാസം കൂടെക്കൊണ്ടു നടക്കുന്നതിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ബ്രിട്ടണിലെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരില്‍ ഒരാളാണ്. തീക്ഷ്ണതയുള്ള കത്തോലിക്കാ വിശ്വാസിയായ അദ്ദേഹം സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം എന്നിവയെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പാര്‍ലമെന്റില്‍ എത്തിയ കാലം മുതലേ ഭ്രൂണഹത്യക്കും സ്വവര്‍ഗ്ഗ വിവാഹത്തിനും എതിരായിട്ടാണ് റീസ്-മോഗ് വോട്ട് ചെയ്തിട്ടുള്ളത്.
“ഞാനൊരു കത്തോലിക്കനാണ്, സഭാ പ്രബോധനങ്ങളെ ഞാന്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. വിവാഹം ഒരു കൂദാശയായതിനാല്‍ വിവാഹത്തെ കുറിച്ച് തീരുമാനിക്കേണ്ടത് സഭയാണ്, അല്ലാതെ പാര്‍ലമെന്റല്ല” എന്നാണ് 2017-ല്‍ ഗുഡ്മോര്‍ണിംഗ് ബ്രിട്ടന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. പ്രോലൈഫ് നിലപാട് രാഷ്ട്രീയത്തില്‍ മാത്രമല്ല, സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വമാണ് റീസിന്‍റേത്.
അദ്ദേഹത്തിന് ആറു മക്കളാണുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസും, രാഷ്ട്രീയ അജണ്ടകളും കൈകാര്യം ചെയ്യുന്നത് ഇനി റീസ് മോഗായിരിക്കും. അതേസമയം ജേക്കബ് റീസിന്റെ ക്രിസ്തീയ നിലപാടില്‍ ആശങ്കയുമായി സ്വവര്‍ഗ്ഗാനുരാഗികളും ഗര്‍ഭഛിദ്രവാദികളും രംഗത്തുണ്ട്. ജേക്കബ് റീസ്-മോഗ് ബ്രിട്ടണിലെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരില്‍ ഓരാളായി മാറിയിരിക്കുന്നത് എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ സംബന്ധിച്ചിടത്തോളം അപകടമാണെന്നാണ് ‘ദി ഗാര്‍ഡിയന്‍’ലെ പ്രമുഖ കോളമെഴുത്തുകാരന്റെ ട്വീറ്റില്‍ സൂചിപ്പിച്ചത്.