News - 2025
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം: പാക്കിസ്ഥാനില്‍ നിത്യ സംഭവം
സ്വന്തം ലേഖകന്‍ 27-07-2019 - Saturday
ലാഹോര്‍: ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി വിവാഹം കഴിക്കുന്നത് പാക്കിസ്ഥാനില്‍ നിത്യസംഭവമാകുന്നു. പതിനാലു വയസ്സുള്ള ബെനിഷ് ഇമ്രാന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ അവസാന ഇര. സമാനമായ നിരവധി സംഭവങ്ങളാണ് ദിവസവും പാക്കിസ്ഥാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി പിതാവും, മതപീഡനത്തിനിരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്യുന്ന ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ്’ (CLASS) എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് വഹീദ് അഹ്മദ് എന്ന ഇസ്ലാം മത വിശ്വാസി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം ചെയ്യുന്നത്. പെണ്‍കുട്ടിയുടെ പിതാവായ ഇമ്രാന്‍ മസി തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം തന്റെ മകള്‍ മതം മാറിയതായും, വിവാഹം ചെയ്തതായും വെളിപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഇമ്രാനെ അറിയിച്ചതിനെതുടര്‍ന്നാണ് ജൂലൈ 12-ന് ഇമ്രാന്‍ തന്റെ മകളുടെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയുമായി ലാഹോര്‍ ജില്ല കോടതിയെ സമീപിച്ചത്.
ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ആളും, ക്ലാസ് സംഘടന അഭിഭാഷകന്‍ നസീം അഞ്ചും കോടതി മുറിയില്‍ സന്നിഹിതരായിരിക്കുമ്പോള്‍ പെണ്‍കുട്ടി സ്വന്തം ഇഷ്ട്ടത്തിലാണ് വിവാഹം ചെയ്തതെന്ന്‍ പറഞ്ഞെങ്കിലും ഇത് ഭീഷണി പുറത്താണെന്ന് കുടുംബം ആരോപിക്കുന്നു. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികള്‍ അവസരം കിട്ടുമ്പോള്‍ രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന്‍ നസീം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നതിനെതിരെ സമീപകാലത്ത് ഹൈന്ദവരും ക്രൈസ്തവരും ശക്തമായി പ്രതിഷേധിച്ചിരുന്നു.
അടുത്തിടെ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ അമേരിക്ക സന്ദര്‍ശനത്തിനിടക്കും ഇത്തരം പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ പരാതി. വര്‍ഷംതോറും ആയിരത്തോളം പെണ്‍കുട്ടികളാണ് പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതെന്ന് വിവിധ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.