India - 2025
കാലവര്‍ഷകെടുതി: പൊതുസമൂഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
10-08-2019 - Saturday
കൊച്ചി: കാലവര്‍ഷകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിന് രൂപതാദ്ധ്യക്ഷന്മാരും വൈദികരും സമര്‍പ്പിതരും സംഘടനകളും പൊതുസമൂഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നു സീറോമലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ച മേജര്‍ ആര്‍ച്ച്ബിഷപ്പ് പ്രിയപ്പെട്ടവരെ ആകസ്മികമായി നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നതായും അറിയിച്ചു.
സഭയുടെ എല്ലാ സംവിധാനങ്ങളും ഇതിനോടകം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലെ രൂപതകളും സ്ഥാപനങ്ങളും സര്‍ക്കാരിനോടും സന്നദ്ധ പ്രവര്‍ത്തകരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കണം. സര്‍ക്കാരും ജില്ലാഭരണകൂടങ്ങളും നല്‍കുന്ന നിര്‍ദ്ദേശം പാലിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണം. സഭയുടെ കീഴിലുള്ള പാരീഷ് ഹാളുകളും സ്കൂളുകളും ദുരിതശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നു. കേരളം സമീപകാലത്തു നേരിടുന്ന രണ്ടാമത്തെ പ്രളയത്തെ സാഹോദര്യത്തിലും കൂട്ടായ പരിശ്രമത്തിലും അതിജീവിക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പത്രകുറിപ്പില്‍ അറിയിച്ചു.