News - 2025
കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ തന്റെ ദുഃഖമറിയിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 12-08-2019 - Monday
വത്തിക്കാന്‍ സിറ്റി: മഴക്കെടുതിയും ഉരുള്‍പ്പൊട്ടലും മൂലം ക്ലേശിക്കുന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെ തന്റെ ദുഃഖമറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് പ്രാദേശിക നേതൃത്വത്തിന് ടെലിഗ്രാം സന്ദേശമയച്ചത്. കേരളത്തിലും, കർണാടകയിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിലും ജീവൻ നഷ്ടപ്പെട്ടവരെ ഓർത്ത് പാപ്പക്ക് വേദനയുണ്ടെന്നും ഭവനരഹിതരായവരും, ജീവിതമാർഗം നഷ്ടപ്പെട്ടവരും പാപ്പയുടെ ഓർമ്മയിലുണ്ടെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.
മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഫ്രാൻസിസ് മാർപാപ്പ ഹൃദയത്തിൽനിന്നും അനുശോചനമറിയിക്കുന്നതായും ടെലഗ്രാം സന്ദേശത്തിൽ പറയുന്നു. രാജ്യത്തിന് ഈ അവസ്ഥയെ തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തന്റെ പ്രാർത്ഥനയുണ്ടാകുമെന്നും പാപ്പക്ക് വേണ്ടി വത്തിക്കാന്‍ സെക്രട്ടറി സന്ദേശത്തില്‍ കുറിച്ചു. ദിവസങ്ങളായുള്ള കനത്ത മഴയിൽ വിവിധ സംസ്ഥാനങ്ങളിലായി നൂറ്റിയെന്‍പതോളം ആളുകളാണ് മരണപ്പെട്ടിരിക്കുന്നത്. നാലു ലക്ഷത്തോളം പേർ ഭവനരഹിതരായിട്ടുണ്ട്.