News - 2025
ദേവാലയങ്ങള്‍ക്ക് അംഗീകാരം: നടപടിയെ സ്വാഗതം ചെയ്ത് ഈജിപ്ഷ്യന്‍ സഭ
സ്വന്തം ലേഖകന്‍ 09-08-2019 - Friday
കെയ്റോ: എണ്‍പത്തിയെട്ടു കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി നിയമപരമായ അംഗീകാരം നല്‍കിയ ഈജിപ്ത് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സഭാനേതൃത്വം. സര്‍ക്കാര്‍ നടപടി ശുഭപ്രതീക്ഷയേകുന്നതാണെന്നും അധികം വൈകാതെ വിവിധ സഭകളുടെ രണ്ടായിരത്തോളം ദേവാലയങ്ങള്‍ക്ക് നിയമാംഗീകാരം ലഭിക്കുമെന്നും ഈജിപ്തിലെ ‘കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ ന്റെ മീഡിയ കമ്മിറ്റി പ്രസിഡന്റായ ഫാ. റാഫിക് ഗ്രീച്ചെ പറഞ്ഞു. ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനായി പ്രാര്‍ത്ഥനയും, ഉപവാസവുമായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസനിര്‍ഭരമായ പ്രത്യേക സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ക്ക് നിയമാംഗീകാരം ലഭിക്കുന്നതെന്നും ഫാ. റാഫിക് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഏഷ്യാന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച കെയ്റോയിലെ കാന്‍സര്‍ ആശുപത്രിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഫാ. റാഫിക് ക്രിസ്ത്യാനികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വെളിപ്പെടുത്തിയത്. ആക്രമണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നും പോലീസും സൈന്യവും പോലെ ക്രിസ്ത്യാനികളും തീവ്രവാദി ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമാണെന്നും ഫാ. റാഫിക് പറഞ്ഞു. തങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
അതേസമയം ഇക്കഴിഞ്ഞ ജൂലൈ 1ന് വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍, ദേവാലയങ്ങളുടെ അനുമതി സംബന്ധിച്ചു അവലോകനം നടത്തുകയും, 88 ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിനുള്ള അനുവാദം നല്‍കുകയും ചെയ്തുവെന്ന് ഈജിപ്ത് മത്രിസഭയുടെ ഔദ്യോഗിക വക്താവായ നാദെര്‍ സാദ് വ്യക്തമാക്കി. മുന്‍പ് അംഗീകാരം നല്‍കിയ ദേവാലയങ്ങള്‍ വിശ്വാസികളുടെ സുരക്ഷക്ക് വേണ്ട വ്യവസ്ഥകള്‍ നടപ്പിലാക്കിയോ എന്ന കാര്യവും യോഗത്തില്‍ അവലോകനം ചെയ്തിരിന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണവും, പരിപാലനവുമായി ബന്ധപ്പെട്ട 2016-ലെ നിയമനിര്‍മ്മാണത്തില്‍ നിലവിലെ ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസി നിര്‍ണ്ണായക പങ്കുവഹിച്ചിരിന്നു.