News - 2025
മെക്സിക്കന്‍ കര്‍ദ്ദിനാള്‍ റിവേര അന്തരിച്ചു
സ്വന്തം ലേഖകന്‍ 13-08-2019 - Tuesday
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്തെ സലാപ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ സെർജിയോ ഒബെസോ റിവേര ദിവംഗതനായി. 88-മത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ജന്മനാടായ സലാപയിലായിരിന്നു മരണം. 65 വര്‍ഷക്കാലം വൈദികനായും 48 വര്‍ഷക്കാലം മെത്രാനായും ജീവിച്ച കർദ്ദിനാൾ സെർജിയോ മെക്സിക്കോയുടെ ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനായി മൂന്ന്‍ തവണ സേവനം ചെയ്തിരിന്നു. സംസ്കാരം ഇന്ന് സലാപയിലെ കത്തീഡ്രലില്‍ നടത്തും.
1931 ഓക്ടോബര്‍ 31 മെക്സിക്കോയുടെ തെക്കു-കിഴക്കന്‍ നഗരമായ സലാപയിലാണു ജനനം. സലാപ അതിരൂപതാ സെമിനാരിയിലെ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. 1954ല്‍ വൈദികപട്ടം സ്വീകരിച്ച റിവേര പിന്നീട് സെമിനാരി റെക്ടറായി.1971ലാണ് ബിഷപ്പായി അഭിഷിക്തനാവുന്നത്. കര്‍ദ്ദിനാള്‍ റിവേരായുടെ നിര്യാണത്തോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 216 ആയി കുറഞ്ഞു. അതില്‍ 119പേര്‍ 80 വയസ്സിനു താഴെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരും 97പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.