News - 2025
ഗര്‍ഭഛിദ്രം ഇക്കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നം: ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍
സ്വന്തം ലേഖകന്‍ 13-08-2019 - Tuesday
കെന്‍റകി: ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രശ്നം ഗര്‍ഭഛിദ്രമാണെന്നു കാന്‍സാസ് സിറ്റി ആര്‍ച്ച് ബിഷപ്പും അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനുമായ ജോസഫ് നൗമാന്‍. കഴിഞ്ഞ തിങ്കളാഴ്ച കെന്റകിയിലെ ലൂയീസ്വില്ലെയില്‍ വെച്ച് നടന്ന ദേശീയ രൂപതാതല പ്രോലൈഫ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എണ്‍പത്തിയഞ്ചോളം പ്രോലൈഫ് കൂട്ടായ്മകളുടെ ഡയറക്ടേഴ്സ് പങ്കെടുത്തു. “ക്രിസ്തു, നമ്മുടെ പ്രതീക്ഷ” എന്നതായിരുന്നു അമേരിക്കന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം.
മെത്രാനെന്ന നിലയിലുള്ള തന്റെ മുദ്രാവാക്യം കൂടിയായ “ജീവിതം വിജയകരമാക്കും” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രഭാഷണം. ഇതൊരു നല്ല അവസരമാണ്. അതുപോലെ തന്നെ നമ്മുടെ സമൂഹത്തിന്റേയും, സംസ്കാരത്തിന്റേയും നാശത്തിന്റെ നിമിഷവും. പൗരോഹിത്യത്തിന് നേര്‍ക്കുയര്‍ന്ന ലൈംഗീകാരോപണങ്ങളാല്‍ സഭക്ക് മുറിവേറ്റിരിക്കുന്ന ഈ സാഹചര്യത്തിലും നല്ല ജീവന്റെ സംസ്കാരം പണിതുയര്‍ത്തിയതിനും അദ്ദേഹം പ്രോലൈഫ് നേതാക്കളോടുള്ള നന്ദി പ്രകാശിപ്പിച്ചു. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പോരാട്ടം ഉപേക്ഷിക്കരുതെന്ന് തനിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്ന പ്രോലൈഫ് നേതാക്കളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം ഏതാണ്ട് പത്തുലക്ഷത്തോളം കുഞ്ഞുങ്ങളാണ് അബോര്‍ഷന്‍ വഴി കൊല്ലപ്പെടുന്നത്. ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കത്തോലിക്കാ സഭ ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. അമേരിക്കയിലെ പ്രോലൈഫ് ശബ്ദങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആര്‍ച്ച് ബിഷപ്പ് നൗമാന്‍. അബോര്‍ഷനെ പിന്താങ്ങുന്ന കത്തോലിക്കാ രാഷ്ട്രീയക്കാര്‍ക്ക് അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് ചര്‍ച്ചയായിരിന്നു.