News - 2025
പ്രക്ഷോഭം കത്തുന്നതിനിടെ ഹോങ്കോങ്ങിൽ കത്തോലിക്കരുടെ സമാധാന റാലി
സ്വന്തം ലേഖകന്‍ 14-08-2019 - Wednesday
ഹോങ്കോങ്ങ് സിറ്റി: ഹോങ്കോങ് ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിലെ കുറ്റാരോപിതരെ ചൈനയില്‍ വിചാരണ ചെയ്യുവാന്‍ സർക്കാരിന് അധികാരം നൽകുന്ന എക്സ്ട്രാടിഷൻ ബില്ലിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമാകുമ്പോള്‍ സമാധാന റാലിയുമായി ആയിരത്തോളം കത്തോലിക്കാ വിശ്വാസികൾ. പ്രതിഷേധങ്ങളെ ഭയന്ന് സർക്കാർ ബില്ല് പാസാക്കാനുള്ള തീരുമാനം പിൻവലിച്ചെങ്കിലും തുടർച്ചയായ പത്താമത്തെ ആഴ്ചയും പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിനു മുൻപിൽ ഒത്തുകൂടിയ വിശ്വാസികൾ, കത്തിച്ച ഇലക്ട്രിക് തിരിയും കൈയിൽ പിടിച്ചുകൊണ്ട് ഗാനങ്ങളാലപിച്ച് റാലി നടത്തിയത്.
ഹോങ്കോങ്ങ് രൂപതയുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷനും ഇതര സംഘടനകളും സമാധാന റാലിക്കു ചുക്കാന്‍ പിടിച്ചു. ബില്ല് പിൻവലിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ അവർ ഉന്നയിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങൾ കത്തോലിക്കാസഭയെ സമാധാനത്തോടും യുക്തിയോടും കൂടി സംസാരിക്കാൻ പ്രേരിപ്പിക്കുന്നതായി ഹോങ്കോങ് ഓക്സിലറി ബിഷപ്പ് ഹാ ചി ഷിങ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അക്രമം കൂടുതല്‍ പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്നും പക കൂടുതൽ പകയുണ്ടാക്കുമെന്നും സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങളാണ് പ്രശ്നപരിഹാരത്തിലേക്ക് നയിക്കുകയുള്ളൂവെന്നും ബിഷപ്പ് ഹാ ചി ഷിങ് കൂട്ടിച്ചേർത്തു.