News - 2025
യുദ്ധത്തില്‍ ചിതറിപ്പോയ ക്രൈസ്തവരുടെ സംഗമ ഭൂമിയായി ലെബനോന്‍ ആശ്രമം
സ്വന്തം ലേഖകന്‍ 17-08-2019 - Saturday
ലെബനോന്‍: ആഭ്യന്തര യുദ്ധത്തില്‍ പലായനം ചെയ്ത ക്രൈസ്തവരുടെ സംഗമ ഭൂമിയായി ലെബനോനിലെ ക്രിസ്ത്യന്‍ ആശ്രമം. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ് ആന്‍റണീസ് മാരോണൈറ്റ് ആശ്രമമാണ് 1975-90 കാലയളവിലെ ലെബനോനിലെ ആഭ്യന്തരയുദ്ധം കാരണം ചിതറിപ്പോയ ക്രൈസ്തവര്‍ക്ക് കൂടിചേരുവാനുള്ള വേദിയായി മാറുന്നത്. വടക്കന്‍ ലെബനനിലെ സ്ഗാര്‍താ ജില്ലയിലെ ക്വോഴായ താഴ്വരയിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. സ്കൌട്ട് ഗ്രൂപ്പിന്റെ ഒത്തു ചേരലിന്റെ ഭാഗമായി ദശാബ്ദങ്ങളായി ലെബനോനില്‍ കാലു കുതിയിട്ടില്ലാത്ത നിരവധി ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ ജന്മദേശത്ത് ഒന്നിക്കുന്നതിനുള്ള ഒരവസരമാണ് ലഭിച്ചത്. 1950-ന് ശേഷം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ കൂട്ടായ്മയായിരുന്നു ഇത്.
ലെബനോന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഏതാണ്ട് നൂറ്റിയന്‍പതോളം അംഗങ്ങളാണ് തങ്ങളുടെ സ്കൌട്ട് ഗ്രൂപ്പില്‍ ഉള്ളതെന്ന് കൂട്ടായ്മയുടെ ഭാഗമായി ആശ്രമത്തിലെത്തിയ 65 കാരനായ സാമുവല്‍ ബോട്രോസ് പറയുന്നു. ലെബനന്‍, ഇറാഖ്, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണവര്‍. “യുദ്ധമാണ് ഞങ്ങളോട് ഇത് ചെയ്തത്, യുദ്ധം സകലതും നശിപ്പിക്കുകയും ഞങ്ങളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു”- ബോട്രോസ് വെളിപ്പെടുത്തി. ഇപ്പോള്‍ സ്വീഡനില്‍ സ്ഥിരതാമസമാക്കിയ ബോട്രോസ് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെബനോനില്‍ കാലുകുത്തുന്നത്.
ആഭ്യന്തരയുദ്ധം അവസാനിച്ചുവെങ്കിലും അയല്‍രാജ്യങ്ങളായ സിറിയയിലും ഇറാഖിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളെ തുടര്‍ന്നു മുസ്ലീങ്ങള്‍ക്കൊപ്പം സൌഹാര്‍ദ്ദപൂര്‍വ്വം ജീവിച്ചിരുന്ന ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണ്. ലെബനനിലെ മാരോനൈറ്റ് ക്രിസ്ത്യാനികളുടെ ആദ്യഭവനമാണ് ക്വോഴായയിലെ സെന്റ് ആന്റണീസ് ആശ്രമം. ക്വാദിഷ എന്നറിയപ്പെടുന്ന വിശാലമായൊരു താഴ്വരമേഖലയുടെ ഭാഗമായിട്ടുള്ള 'വിശുദ്ധരുടെ താഴ്വര' എന്നറിയപ്പെടുന്ന മേഖലയിലാണ് ക്വോഴായ സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് നൂറുകണക്കിന് ആശ്രമങ്ങളും ദേവാലയങ്ങളും ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്ന ഏക ആശ്രമമാണ് സെന്റ് ആന്റണീസ് ആശ്രമം.