India - 2025

ക്രൈസ്തവ വിരുദ്ധ പരമര്‍ശങ്ങള്‍ നീക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

23-08-2019 - Friday

ചെന്നൈ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ കൂടുതല്‍ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി രജിസ്ട്രിയില്‍നിന്നു നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്‍ സ്വമേധയാ നിര്‍ദേശിച്ചു. റദ്ദാക്കിയ ഭാഗം നീക്കം ചെയ്ത് ഉത്തരവിന്റെ പുതിയ കോപ്പി പുറത്തിറക്കാന്‍ രജിസ്ട്രിയോടു ജഡ്ജി നിര്‍ദേശിച്ചു. കേസില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വൈഗ ബുധനാഴ്ച ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ക്രൈസ്തവ മിഷണറിമാരുടെയും വനിതകളുടെയും കേസുകള്‍ ജസ്റ്റീസ് വൈദ്യനാഥനെ ഏല്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് വൈഗയുടെ നേതൃത്വത്തില്‍ 64 അഭിഭാഷകര്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നിവേദനം നല്കിയിരുന്നു. ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി കോടതിമുറികള്‍ മാറ്റരുതെന്നു നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വമേധയാ നിര്‍ദേശം നല്കിയിരിക്കുന്നത്.

ഭാരതത്തിലെ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിശ്രപഠനം പെണ്‍കുട്ടികള്‍ക്കു തീര്‍ത്തും സുരക്ഷിതമല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി പല ആരോപണങ്ങളും ഉണ്ടെന്നുമായിരുന്നു ജസ്റ്റീസ് വൈദ്യനാഥന്‍ യാതൊരു പഠനറിപ്പോര്‍ട്ടുകളുടെയും പിന്‍ബലമില്ലാതെ നേരത്തെ വിധിയില്‍ എഴുതിവച്ചത്. ഇത് വലിയ വിവാദത്തിലേക്കാണ് നയിച്ചത്. ജസ്റ്റീസ് വൈദ്യനാഥന്റെ പരാമര്‍ശത്തിനെതിരേ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സിലും നിരവധി സംഘടനകളും രംഗത്തുവന്നിരുന്നു.

More Archives >>

Page 1 of 264