India - 2025
തീവ്രവാദികളുടെ ലക്ഷ്യം വേളാങ്കണ്ണി? സുരക്ഷ ശക്തമാക്കി
24-08-2019 - Saturday
ചെന്നൈ: ആക്രമണം നടത്താനുള്ള പദ്ധതിയുമായി ശ്രീലങ്കയിൽനിന്ന് തമിഴ്‌നാട്ടിലെത്തിയ സംഘം ലക്ഷ്യമിടുന്നതെന്ന് ലോക പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയെന്നു സൂചന. ഒരു പാകിസ്താൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരുമുൾപ്പെടെ ആറു ലഷ്‌കറെ തൊയ്ബ ഭീകരർ കോയമ്പത്തൂരിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതോടെ വേളാങ്കണ്ണിയില്‍ സുരക്ഷ ശക്തമാക്കി. ആഗസ്റ്റ് 29നു കൊടിയേറുന്ന തിരുനാള്‍ സെപ്റ്റംബര്‍ 8നാണ് സമാപിക്കുക.
ശ്രീലങ്കയിൽനിന്ന് ബോട്ടുമാർഗം തമിഴ്‌നാട്ടിലെത്തിയ സംഘത്തെ ഓഗസ്റ്റ് 21-ന് കോയമ്പത്തൂരിലെത്തിയതായാണ് വിവരം. തൃശ്ശൂർ സ്വദേശിയായ മലയാളിയാണ് സംഘത്തെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതേത്തുടർന്ന് തമിഴ്നാട്ടിലും കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. കോയമ്പത്തൂർ നഗരം കനത്ത സുരക്ഷാവലയത്തിലാണ്. ദേശീയ അന്വേഷണ എജൻസി (എൻ.ഐ.എ)യുടെ സംഘവും പ്രത്യേകാന്വേഷണം നടത്തുന്നുണ്ട്. വേളാങ്കണ്ണി പള്ളി പരിസരത്തിന് പുറമെ, ഊട്ടി വെല്ലിങ്ടണിലെ കരസേന കാര്യാലയം, കോയമ്പത്തൂരിലെ വ്യോമതാവളം, ശബരിമല ക്ഷേത്രം എന്നിവയും ലക്ഷ്യംവെക്കുന്നതായും റിപ്പോർട്ടുണ്ട്.