India - 2025
മാര്‍ ആന്റണി കരിയില്‍ ചുമതലയേറ്റു
08-09-2019 - Sunday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരിയായി മാര്‍ ആന്റണി കരിയില്‍ ചുമതലയേറ്റു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന കൃതജ്ഞതാബലിയിലും അനുബന്ധ ചടങ്ങുകളിലും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും പങ്കുചേര്‍ന്നു. മുഖ്യകാര്‍മികന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും സഹകാര്‍മികരും പ്രദക്ഷിണമായി അള്‍ത്താരയിലേക്കു നീങ്ങിയതോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും മെത്രാപ്പോലീത്തന്‍ വികാരിയെയും മറ്റുള്ളവരെയും ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്വാഗതം ചെയ്തു. അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. ആന്റണി ഇലവുംകുടി മാര്‍ കരിയിലിനു ബൊക്കെ നല്‍കി. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ നിയമനപത്രിക വായിച്ചു. തുടര്‍ന്നു രേഖകളില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും മെത്രാപ്പോലീത്തന്‍ വികാരിയും ഒപ്പുവച്ചു. ബസിലിക്കയിലെ അള്‍ത്താരയിലുള്ള മുന്‍ മെത്രാപ്പോലീത്തമാരുടെ കബറിടത്തില്‍ മെത്രാപ്പോലീത്തന്‍ വികാരി പൂക്കളര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.
അതിരൂപതയുടെ ഐക്യത്തിനും സമാധാനത്തിനുമായി ഏവരും കൂട്ടായി പ്രവര്‍ത്തിക്കാനും പ്രാര്‍ഥിക്കാനും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുഗ്രഹപ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തു. മുഖ്യകാര്‍മികനും സഹകാര്‍മികരും മറ്റു പ്രതിനിധികളും ചേര്‍ന്ന് അള്‍ത്താരയില്‍ ദീപം തെളിച്ചശേഷം ദിവ്യബലി ആരംഭിച്ചു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, അതിരൂപത സിഞ്ചെല്ലൂസ് റവ. ഡോ. ജോസ് പുതിയേടത്ത്, മോണ്‍സിഞ്ഞോര്‍മാരായ റവ. ഡോ. ആന്റണി നരികുളം, റവ. ഡോ. ആന്റണി പുന്നശേരി, സിഎംഐ തിരുഹൃദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. ജോസ് കുറിടേയത്ത്, മാണ്ഡ്യ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. മാത്യു കോയിക്കര, ചാലില്‍ പള്ളി വികാരി ഫാ. പോള്‍ കാച്ചപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായി.തുടര്‍ന്നു അനുമോദന സമ്മേളനവും നടന്നു.