India - 2025
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ഉദ്ഘാടനം ഇന്ന്
14-09-2019 - Saturday
കോട്ടയം: പാലാ രൂപതയുടെ കീഴില്‍ ചേര്‍പ്പുങ്കലില്‍ ആരംഭിക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ വെഞ്ചരിപ്പ് ഇന്നു ഉച്ചകഴിഞ്ഞു മൂന്നിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഒപി, ഐപി ചികിത്സകളും പിന്നീട് ആരംഭിക്കും.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയായ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ പാലാ ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപമാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 27 ഏക്കറിലെ 5,67,000 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 750 പേര്‍ക്കു കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 275 കിടക്കകള്‍ സജ്ജമാക്കും. വാര്‍ഡുകള്‍ അടക്കം പൂര്‍ണമായും ശീതീകരിച്ച ആശുപത്രിയില്‍ 17 സൂപ്പര്‍ സ്‌പെഷാലിറ്റി, 22 സ്‌പെഷാലിറ്റി, 10 തീവ്രപരിചരണ വിഭാഗങ്ങള്‍, 11 ഓപ്പറേഷന്‍ തിയേറ്ററുകള്‍, അറുപതില്‍ അധികം ഡോക്ടര്‍മാരുടെ സേവനം എന്നിവയുണ്ടാകും. അലോപ്പതിക്കു പുറമെ ആയുര്‍വേദ ഹോമിയോപ്പതി ചികിത്സാവിഭാഗങ്ങളും പ്രവര്‍ത്തിക്കും.
കാത്ത് ലാബ്, സിടി, എംആര്‍ഐ, അവയവദാനത്തിനായുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഒരേസമയം 25 പേര്‍ക്ക് ഡയാലിസിസ് നടത്താവുന്ന യൂണിറ്റ്, ഇലക്ട്രോണിക് മെഡിക്കല്‍ റിക്കാര്‍ഡ്‌സ്, ലാബുകള്‍, ബ്ലഡ് ബാങ്കുകള്‍, തീവ്രപരിചരണ സംവിധാനത്തോടെയുള്ള രണ്ട് ആംബുലന്‍സുകള്‍, 350 പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന കാന്റീന്‍, വിശാലമായ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളുണ്ട്. കുറഞ്ഞ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം ഇടുക്കി, മൂലമറ്റം, തൊടുപുഴ, ഈരാറ്റുപേട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ പ്രദേശത്തെ ജനങ്ങള്‍ക്കു ഗുണകരമാകുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു.