India - 2024

ക്രിസ്ത്യന്‍ കോളേജിനു നേരെ തീവ്രഹിന്ദു പ്രവര്‍ത്തകരുടെ ആക്രമണം

സ്വന്തം ലേഖകന്‍ 12-09-2019 - Thursday

റാഞ്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ജെസ്യൂട്ട് സഭയുടെ കോളേജിനു നേരെ തീവ്രഹിന്ദു പ്രവര്‍ത്തകരുടെ ആക്രമണം. അഞ്ഞൂറോളം തീവ്രഹിന്ദു പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. വ്യാപക നാശനഷ്ട്ടങ്ങളെ തുടര്‍ന്നു ഒരാഴ്ചയായി കോളേജ് തുറക്കാനാവാതെ അടഞ്ഞു കിടക്കുകയാണ്. സാഹിബ്ഗഞ്ച് പട്ടണത്തില്‍നിന്നും 38 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന കോളേജ് ജെസ്യൂട്ട് സഭയുടെ ദുംകറൈഗഞ്ച് പ്രോവിന്‍സാണ് നിയന്ത്രിക്കുന്നത്. തങ്ങള്‍ക്ക് കോളേജ് തുറക്കാന്‍ സാധിക്കുന്നില്ലെന്നും എല്ലാം നശിപ്പിക്കപ്പെട്ടതായും സെന്റ് ജോണ്‍ ബെര്‍ക്കുമാന്‍സ് ഇന്റര്‍ കോളജിന്റെ സെക്രട്ടറി ഫാ. തോമസ് കുഴിവേലില്‍ പറഞ്ഞു.

ആക്രമണമുണ്ടായി ഏട്ടു ദിവസത്തിനുശേഷവും കുറ്റവാളികള്‍ക്കെതിരേ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. അക്രമത്തില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷനിയമ അധികൃതര്‍ക്കും പരാതി അയച്ചിട്ടുണ്ട്.

More Archives >>

Page 1 of 270