Life In Christ

'ദൈവം ഭരമേല്‍പ്പിച്ച ദൗത്യം ഇനിയും പൂര്‍ണ്ണമായി നിറവേറ്റിയിട്ടില്ല': അജഗണത്തിന് സൂസപാക്യം പിതാവിന്റെ ഹൃദയസ്പര്‍ശിയായ കത്ത്

സ്വന്തം ലേഖകന്‍ 23-10-2019 - Wednesday

തിരുവനന്തപുരം: "ദൈവം എന്തിന് വീണ്ടും എന്നെ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്ന ചോദ്യത്തിനു എനിക്ക് കിട്ടുന്ന ഉത്തരം ഇതാണ്, കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ട്ടം, അതായത് നല്ല ദൈവം എന്നെ ഏൽപ്പിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിന് അനുസരിച്ചു ഇനിയും പൂർണമായി നിറവേറ്റിയിട്ടില്ല എന്നതാണ്". നീണ്ട ആശുപത്രി വാസത്തിന് ശേഷം ബിഷപ്പ് ഹൌസില്‍ മടങ്ങിയെത്തിയ ശേഷം തന്റെ അജഗണത്തിനായി എഴുതിയ കത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പിതാവ് കുറിച്ച വാക്കുകളാണിത്. പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. മരണത്തില്‍ നിന്നുള്ള തിരിച്ചുവരവിനെ ദൈവീക പദ്ധതിയായി അദ്ദേഹം വിവരിച്ചിരിക്കുന്നത്.

മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. കുറെയേറെ സഹനശക്തി ദൈവം എനിക്ക് നൽകിയിട്ടുള്ളതായി തോന്നുന്നു. എല്ലാ ദിവസവും നല്ല മരണത്തിനായി ഞാൻ പ്രാർത്ഥിക്കാറുണ്ട്. അപ്പോഴെല്ലാം ഞാൻ ഓർമ്മിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്യമിതാണ്, "മാലാഖമാർ ഭൂമിയിൽ വസിക്കറില്ല. കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി കഴിയുമ്പോള്‍ അവര്‍ സ്വർഗ്ഗത്തിലേക്ക് പറക്കുന്നു, അതിനാണ് അവർക്ക് ചിറകുകൾ ഉള്ളത്". ഈ വാക്കിൻറെ പശ്ചാത്തലത്തിൽ ഞാൻ എന്നെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു. മരണത്തിന്റെ വക്കിലെത്തിയ എന്നെ എന്തുകൊണ്ട് ദൈവം വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നു?

ഇതിനു എനിക്ക് കിട്ടുന്ന ഉത്തരം ഇതാണ്- കാരുണ്യവാനായ ദൈവത്തിന്റെ ഇഷ്ട്ടം, അതായത് നല്ല ദൈവം എന്നെ ഏൽപ്പിച്ച ദൗത്യം അവിടുത്തെ ആഗ്രഹത്തിന് ഇനിയും പൂർണമായി നിറവേറ്റിയിട്ടില്ല. ദൈവത്തിലേക്ക് പറന്നുയരാൻ തക്കവിധത്തിൽ സുകൃതങ്ങളാകുന്ന ചിറകുകള്‍ ഇനിയും പാകമായിട്ടില്ല. ദൈവം നിശ്ചയിച്ച സമയത്ത് ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് അവിടുത്തെ പക്കലേക്ക് പറന്നുയരാൻ പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു. അര്‍ഹിക്കുന്നതിലും അധികമായി കാണിച്ച സ്നേഹത്തിനും താത്പര്യത്തിനും കരുതലിനും നന്ദിപറയുന്നു എന്നു കുറിച്ചുകൊണ്ടാണ് പിതാവ് തന്റെ കത്ത് അവസാനിപ്പിക്കുന്നത്. വരുന്ന ഞായറാഴ്ച (27/10/19) അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഈ ഇടയലേഖനം വായിക്കും.

More Archives >>

Page 1 of 17