Life In Christ - 2024
ഭ്രൂണഹത്യ അനുകൂല നിലപാട്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിക്ക് ദിവ്യകാരുണ്യം നിഷേധിച്ചു
സ്വന്തം ലേഖകന്‍ 29-10-2019 - Tuesday
സൗത്ത് കരോളിന: ഭ്രൂണഹത്യ അനുകൂല നിലപാട് പുലര്‍ത്തുന്ന അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും, ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ജോ ബൈഡന് സൗത്ത് കരോളിന സംസ്ഥാനത്തെ കത്തോലിക്കാ വൈദികൻ വിശുദ്ധ കുർബാന നിഷേധിച്ചു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെ ജോ ബൈഡൻ അനുകൂലിക്കുന്നതിനാലാണ് ചാർലെസ്റ്റ്ൺ രൂപതയിലെ സെന്റ് ആന്റണി ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. റോബർട്ട് മോറെ എന്ന വൈദികന്‍ ബൈഡന് വിശുദ്ധ കുർബാന നിഷേധിച്ചത്. പ്രചാരണ പ്രവർത്തനങ്ങൾക്കായി ജോ ബൈഡൻ സൗത്ത് കരോളിനയിലെത്തിയപ്പോഴാണ് ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. ഈ അവസരത്തിലാണ് വൈദികന്‍ ശക്തമായ തീരുമാനമെടുത്തത്.
നമ്മൾ ദൈവവുമായും മറ്റുള്ള വിശ്വാസികളുമായും, സഭയുമായി പൂർണ്ണമായ ഐക്യത്തിലാണ് എന്നതിനെയാണ് വിശുദ്ധ കുർബാന സൂചിപ്പിക്കുന്നതെന്നും, ഓരോരുത്തരുടെയും പ്രവർത്തികൾ പ്രസ്തുത ഐക്യത്തെ പ്രതിഫലിപ്പിക്കണമെന്നും സംഭവ ശേഷം ഫാ. റോബർട്ട് മോറെ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഭ്രൂണഹത്യക്കു വേണ്ടി വാദിക്കുന്ന പൊതുപ്രവർത്തകർ അതിനാൽ തന്നെ സഭയുടെ പഠനങ്ങൾക്ക് വെളിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വൈദികനെന്ന നിലയിൽ തനിക്ക് ഭരമേൽപ്പിക്കപെട്ടിരിക്കുന്ന ആത്മാക്കളുടെ കാര്യത്തിൽ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും കുറിപ്പിലുണ്ട്. വൈദികനാവുന്നതിനു മുമ്പ് 14 വർഷം അഭിഭാഷകനായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഊർജ്ജ വകുപ്പിലും ഫാ. റോബർട്ട് പ്രവർത്തിച്ചിട്ടുണ്ട്.
പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നാണ് കാനോൻ നിയമ സംഹിതയിലെ നിയമം 915 അനുശാസിക്കുന്നത്. 2004-ൽ മുന്‍ പാപ്പയായിരിന്ന ബനഡിക്റ്റ് പതിനാറാമന്‍, കര്‍ദ്ദിനാള്‍ പദവി വഹിക്കുന്ന സമയത്തു ബിഷപ്പുമാർക്കായി ഇറക്കിയ കുറിപ്പിൽ, ഭ്രൂണഹത്യയെ നിരന്തരമായി പിന്തുണയ്ക്കുകയും, അപ്രകാരമുള്ള തിന്മകൾക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്യുന്ന കത്തോലിക്കാ രാഷ്ട്രീയക്കാരെ അവരുടെ ബിഷപ്പുമാർ നേരിൽ ചെന്ന് കാണണമെന്നും പിന്നീട് ആ പാപത്തിൽ തുടർന്നാൽ അവർക്ക് വിശുദ്ധ കുർബാന നൽകുകയില്ല എന്ന് മുന്നറിയിപ്പ് നൽകണമെന്നും ആഹ്വാനം നല്‍കിയിരിന്നു. സമാന രീതിയിലുള്ള പ്രതികരണങ്ങള്‍ ലോക രാജ്യങ്ങളിലെ വിവിധ ബിഷപ്പുമാര്‍ അടുത്ത നാളുകളില്‍ നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.