Life In Christ - 2024

സുഖനിദ്രക്കു ബൈബിള്‍ : മറ്റുള്ളവരോട് ക്ഷമിക്കുന്നവര്‍ക്ക് ശാന്തമായി ഉറങ്ങാൻ സാധിക്കുമെന്ന് സര്‍വ്വേഫലം

സ്വന്തം ലേഖകന്‍ 24-10-2019 - Thursday

ന്യൂയോര്‍ക്ക്: മനുഷ്യന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകമാണ് ഉറക്കം. എന്നാൽ ശാന്തമായി ഉറങ്ങുവാൻ എത്രപേർക്ക് സാധിക്കുന്നു എന്നത് പലർക്കും ഉത്തരമില്ലാത്ത ചോദ്യമാണ്. ഈ സാഹചര്യത്തിൽ പുറത്തുവന്നിരിക്കുന്ന പഠനഫലമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ബൈബിളില്‍ നിരവധി തവണ കർത്താവ് ഓർമ്മപ്പെടുത്തുന്ന “മറ്റുള്ളവരോട്‌ ക്ഷമിക്കുക” എന്ന ഒറ്റ സന്ദേശം ജീവിതത്തിൽ പകർത്തിയാൽ ശാന്തമായ ഉറക്കം ലഭിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ പ്രമുഖ ജേര്‍ണലായ ‘സൈക്കോളജി ആന്‍ഡ്‌ ഹെല്‍ത്ത്’ല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനഫലത്തില്‍ പറയുന്നത്.

മറ്റുള്ളവരോടു ക്ഷമിച്ചവര്‍ തങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സംതൃപ്തരാണെന്നു റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരോട് ക്ഷമിക്കുന്നവര്‍ക്ക് ദീര്‍ഘനേരം നിലനില്‍ക്കുന്ന നല്ല ഉറക്കം ലഭിക്കുമെന്നും, അതുവഴി നല്ല ശാരീരിക ആരോഗ്യം ലഭിക്കുമെന്നും ഗവേഷണഫലത്തില്‍ നിന്നും വ്യക്തമായതായി പഠനഫലത്തെ ചൂണ്ടിക്കാണിച്ചു വാഷിംഗ്‌ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ക്ഷമിക്കാത്തവരില്‍ കോപം, വിദ്വേഷ മനോഭാവം, കുറ്റപ്പെടുത്തല്‍, എന്നിങ്ങനെയുള്ള ദോഷകരമായ ചിന്തകളും വികാരങ്ങളും ഉടലെടുക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുക വഴി ഉറക്കത്തിനും, ആരോഗ്യത്തിനും തടസ്സം നേരിടുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ നടത്തിയ സര്‍വ്വേയില്‍ പ്രായപൂര്‍ത്തിയായ 1423 പേരാണ് പങ്കെടുത്തത്. സ്വന്തം തെറ്റുകളെ തിരുത്തുവാനും, മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ക്ക് അവരോട് ക്ഷമിക്കുവാനുള്ള കഴിവ്, അവസാന മുപ്പതു ദിവസത്തെ ഉറക്കം, ഇപ്പോഴത്തെ ആരോഗ്യം, ജീവിത സംതൃപ്തി തുടങ്ങിയവയായിരുന്നു പ്രധാന ചോദ്യങ്ങള്‍.

“ദൈവം ക്രിസ്തു വഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍”(എഫേസോസ് 4:32), “മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങളും ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും” (മത്തായി 6:14), “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ക്ഷമിക്കുക” (മര്‍ക്കോസ് 11:25) എന്നിങ്ങനെ ക്ഷമയെ കുറിച്ചു നിരവധി ഓർമ്മപ്പെടുത്തലുകൾ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ സുഖനിദ്രക്ക് വഴി തുറക്കുന്നതിൽ ബൈബിൾ തെരഞ്ഞെടുക്കുന്നത് ഏറെ സഹായകരമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

More Archives >>

Page 1 of 17