Life In Christ - 2024
യഹൂദ വിരുദ്ധതക്കെതിരെ പോരാടുന്ന കത്തോലിക്ക അൽമായനു റബ്ബിമാരുടെ അവാര്‍ഡ്
സ്വന്തം ലേഖകന്‍ 26-10-2019 - Saturday
ലണ്ടന്‍: യഹൂദ വിരുദ്ധതക്കെതിരെ ശബ്ദമുയര്‍ത്തി പോരാടുന്ന അൽമായ കത്തോലിക്ക വിശ്വാസിക്ക് യൂറോപ്യൻ റബ്ബിമാരുടെ 'മോശെ റോഷൻ' അവാർഡ്. കത്തോലിക്കാ അൽമായ സംഘടനയായ സാന്റ് എജിഡിയോയുടെ സ്ഥാപകൻ ആൻഡ്രിയ റിക്കാർഡിക്കാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. യൂറോപ്പിലെ യഹൂദർക്ക് സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താനും സംവാദങ്ങളും, സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നവർക്കാണ് മോശെ റോഷൻ അവാർഡ് നൽകിവരുന്നത്. വിവിധ മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സഹവർത്തിത്വം, പ്രത്യേകിച്ച് കത്തോലിക്ക - യഹൂദ സംവാദം വിവിധ പ്രവർത്തനങ്ങളിലൂടെ പ്രോത്സാഹിപ്പിക്കാൻ ശ്രമം നടത്തിയതിനാണ് ആൻഡ്രിയ റിക്കാർഡിക്ക് അവാർഡ് ലഭിച്ചതെന്ന് സാന്റ് എജിഡിയോ ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
1968ൽ ആരംഭിച്ച സാന്റ് എജിഡിയോ സംഘടനയിൽ 73 രാജ്യങ്ങളിലായി അരലക്ഷത്തോളം പേര്‍ അംഗങ്ങളായുണ്ട്. പ്രായമായവർക്കും, അഭയാർത്ഥികൾക്കും, മാനസികപ്രശ്നങ്ങൾ നേരിടുന്നവർക്കും, മയക്കുമരുന്ന് അടിമകൾക്കും സാന്റ് എജിഡിയോ സഹായങ്ങൾ നൽകാറുണ്ട്. 1986ൽ സംഘടനയ്ക്കു വത്തിക്കാൻ അംഗീകാരം ലഭിച്ചു. നാസി കൂട്ടക്കൊലയിലെ ഇരകളുടെ ഓർമ്മകൾ സംരക്ഷിക്കാൻ ആൻഡ്രിയ റിക്കാർഡി പലവിധ ശ്രമങ്ങൾ നടത്തിവരുന്നു. 1943 ഒക്ടോബർ പതിനാറാം തീയതി, റോമിൽ കഴിഞ്ഞിരുന്ന യഹൂദരെ നാടുകടത്തിയതിന്റെ സ്മരണയിൽ 25 വർഷമായി റോമിൽ യഹൂദർ സംഘടിപ്പിക്കുന്ന മാർച്ചിൽ മുടങ്ങാതെ ആൻഡ്രിയ റിക്കാർഡി പങ്കെടുക്കാറുണ്ട്.
അടുത്തിടെ ജർമനിയിലെ സിനഗോഗിൽ നടന്ന ആക്രമണത്തിൽ നിന്നും, യഹൂദ വിരുദ്ധത യൂറോപ്പിൽ വീണ്ടും തലപൊക്കുകയാണെന്നത് വ്യക്തമാണെന്നും, അതിനാൽ വൈകി പോകുന്നതിനു മുന്‍പ് ലോകരാജ്യങ്ങൾ എന്തെങ്കിലും നടപടികൾ സ്വീകരിക്കണമെന്നും ആൻഡ്രിയ റിക്കാർഡി അവാർഡുദാന ചടങ്ങിൽ പറഞ്ഞു. യൂറോപ്പിലെ യഹൂദ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് യഹൂദ വിരുദ്ധത യൂറോപ്പിൽ വർദ്ധിക്കുന്നതെന്ന് റോമിലെ പ്രധാന റബ്ബിയായ പിഞ്ചാസ് ഗോൾഡ് ഷ്മിറ്റ് ആശങ്ക പങ്കുവെച്ചു. യഹൂദർ യൂറോപ്പ് വിട്ടുപോകുകയാണെന്നും, 20 വർഷത്തിനിടെ യഹൂദ ജനസംഖ്യ 20 ലക്ഷത്തിൽ നിന്നും 15 ലക്ഷമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Posted by Pravachaka Sabdam on