Life In Christ - 2024
ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണം ജീവിത ലക്ഷ്യം: പ്രമുഖ ടെലിവിഷൻ താരം പട്രീഷ്യ ഹീറ്റൺ
സ്വന്തം ലേഖകന്‍ 27-10-2019 - Sunday
ന്യൂയോര്‍ക്ക്: ജീവിതത്തിന്റെ ലക്ഷ്യമെന്നത് തൊഴിലിലൂടെ സ്വയം മഹത്വം നൽകാനാവരുതെന്നും ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണമെന്നും അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരം പട്രീഷ്യ ഹീറ്റൺ. 'ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബേർട്ട്' എന്ന പരിപാടിയിലാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിന്, പട്രീഷ്യ ഹീറ്റൺ ടെലിവിഷൻ സ്ക്രീനിലൂടെ അനേകം പേർക്ക് സാക്ഷ്യം നൽകിയത്. തനിക്ക് മഹത്വം നൽകാതെ, ദൈവത്തിനു മഹത്വം നൽകിയതാണ് മികച്ച ഒരു കരിയറിലേക്ക് നയിച്ചതെന്ന് ദി ലേറ്റ് ഷോയുടെ അവതാരകനായ സ്റ്റീഫൻ കോൾബെർട്ടിനോട് പട്രീഷ്യ ഹീറ്റൺ വെളിപ്പെടുത്തി.
തന്റെ കരിയറിന്റെ ആരംഭത്തിൽ ദൈവം എല്ലാ വാതിലുകളും അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് പട്രീഷ്യ സ്മരിച്ചു. ഇതിനിടയിൽ ലോസ്ആഞ്ചലസിൽ പോകാനുള്ള അവസരം ലഭിച്ചു. അവിടെയെത്തി ആദ്യ മാസത്തിൽ തന്നെ സഭ നടത്തുന്ന ഒരു അനാഥാലയം മെക്സിക്കോയിലെത്തി സന്ദർശിച്ചു. തിരികെയെത്തിയപ്പോൾ തന്റെ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത ഒരു സമാധാനം അനുഭവിച്ചറിഞ്ഞതായി ടെലിവിഷൻ താരം പറയുന്നു.
ആരംഭത്തില്‍ അഭിനയമാകുന്ന തൊഴിലിനാണ് താൻ ജീവിതത്തില്‍ മുഖ്യസ്ഥാനം നൽകിയതെന്ന് താൻ മനസ്സിലാക്കിയെന്നും, ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതത്തിൽ വിശ്വാസത്തിന് മാത്രമായിരിക്കണം കേന്ദ്രഭാഗം നൽകേണ്ടതെന്നും പട്രീഷ്യ ഹീറ്റൺ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തെ ചേര്‍ത്തുപിടിച്ച് തന്റെ മദ്യപാനശീലം ഒഴിവാക്കാൻ ദൈവം തന്നെ എങ്ങനെ സഹായിച്ചെന്നും പട്രീഷ്യ പരിപാടിക്കിടയിൽ വിശദീകരിച്ചു. എവരിബഡി ലൗസ് റെയ്മണ്ട് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പട്രീഷ്യ ഹീറ്റൺ പ്രശസ്തിയിലേക്ക് ഉയർന്നത്.