Life In Christ - 2024
പെന്തക്കോസ്തുകാരുടെ സുവിശേഷ തീക്ഷ്ണത വിസ്മരിക്കാനാകില്ല: നൈജീരിയന്‍ ബിഷപ്പ് മാത്യു കുക്ക
സ്വന്തം ലേഖകന്‍ 30-10-2019 - Wednesday
അബൂജ: പെന്തക്കോസ്തു വിഭാഗത്തിന്റെ സുവിശേഷ തീക്ഷ്ണത വിസ്മരിക്കാനാകില്ലായെന്നും അവരില്‍ നിന്നും സഭയ്ക്കു ഒരുപാട് പഠിക്കാനുണ്ടെന്നും ആഫ്രിക്കൻ ബിഷപ്പിന്റെ പ്രസ്താവന. കത്തോലിക്ക മാധ്യമമായ ക്രുക്സിന് നൽകിയ അഭിമുഖത്തിൽ നൈജീരിയായിലെ സൊകോട്ടോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാത്യു ഹസൻ കുക്കയാണ് സുവിശേഷം പങ്കുവെക്കാനുള്ള പെന്തക്കോസ്ത് സഭാംഗങ്ങളുടെ തീക്ഷ്ണത വിസ്മരിക്കാൻ സാധിക്കില്ലെന്നു പറഞ്ഞത്.
യേശുക്രിസ്തുവിന്റെ സ്നേഹം ആളുകളിൽ നിറക്കുക, പ്രവചനപരമായ ക്രിസ്തു സന്ദേശം പങ്കുവയ്ക്കുക തുടങ്ങിയ ചെറിയ വെല്ലുവിളികൾ സുവിശേഷം പകർന്നു നൽകുന്നവരുടെ മുന്‍പിലുണ്ട്. ബാക്കിയുള്ള മതങ്ങളുമായുള്ള ബന്ധത്തിൽ വിവേകത്തോടെ കൂടിയുള്ള എക്യുമെനിസമാണ് സഭയ്ക്കാവശ്യമെന്ന് ബിഷപ്പ് മാത്യു ഹസൻ കുക്ക വിശദീകരിച്ചു. മതത്തിന്റെ പേരിൽ കൊലപാതകങ്ങളും, അക്രമങ്ങളും നടത്തുന്ന ആളുകളുടെ കൈകളിലേക്ക് തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോയിയെന്ന് ഇസ്ലാം മത വിശ്വാസികൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെന്തക്കോസ്ത് സഭയ്ക്കു വളർച്ചയുണ്ടെങ്കിലും, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൂടുതൽ വളരുന്നത് കത്തോലിക്കാ സഭയാണ്. ആഫ്രിക്കയിലെ അഞ്ചിലൊരാൾ (19.2 ശതമാനം) ഇപ്പോൾ കത്തോലിക്കാ വിശ്വാസിയാണ്. പ്യൂ റിസർച്ച് കണക്കുപ്രകാരം 2050 ഓടുകൂടി സബ് സഹാറൻ ആഫ്രിക്കയിലെ കത്തോലിക്കരുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കും. സമ്പത്തും, വിജയവും ഉറപ്പുനൽകി സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കുന്ന ആളുകളെ ശക്തമായ ഭാഷയിൽ ബിഷപ്പ് വിമർശിച്ചുവെന്നതും ശ്രദ്ധേയമാണ്. പെന്തക്കോസ്ത് സഭകളുടെ പ്രവര്‍ത്തനം വ്യാപകമാണീങ്കിലും കത്തോലിക്കാസഭയുടെ സാർവത്രികത കരുത്തിന് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.