News - 2025
മാര്‍പാപ്പയുടെ സുഡാന്‍ സന്ദര്‍ശനത്തില്‍ ഭാഗഭാക്കാകാന്‍ ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും
സ്വന്തം ലേഖകന്‍ 15-11-2019 - Friday
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ ദക്ഷിണ സുഡാനില്‍ സംയുക്ത സന്ദര്‍ശനത്തിനു പദ്ധതിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയും. ദക്ഷിണ സുഡാനിലെ രാഷ്ട്രീയ നേതാക്കള്‍ വൈരം തീര്‍ത്ത് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചാല്‍ സന്ദര്‍ശനം തടസം കൂടാതെ നടന്നേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. കഴിഞ്ഞ ഞായറാഴ്ച സുഡാന്‍ സന്ദര്‍ശനത്തിന് സാധ്യതയുണ്ടെന്ന് പാപ്പ സൂചിപ്പിച്ചിരിന്നു. പരസ്പരം വംശീയപോരാട്ടം നടത്തിയിരുന്ന ദക്ഷിണ സുഡാന്‍ നേതാക്കളെ അനുരഞ്ജനത്തിനു പ്രേരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ് ഫ്രാന്‍സിസ് പാപ്പയും റവ. ജസ്റ്റിന്‍ വെല്‍ബിയും.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പരസ്പരമുള്ള പോരാട്ടം മറന്ന്‍ പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നു നേതാക്കള്‍ക്കു വേണ്ടി ധ്യാനം സംഘടിപ്പിച്ചിരിന്നു. ധ്യാനത്തിന് ഒടുവില്‍ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തി. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി തെളിയിച്ചിരിന്നു. അതേസമയം രാജ്യത്തു സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഫെബ്രുവരിക്കകം സര്‍ക്കാര്‍ രൂപീകരണം നടന്നേക്കുമെന്നാണു സൂചന.