Life In Christ

മെറ്റില്‍ഡ ജോണ്‍സണ്‍: ലോഗോസ് ബൈബിള്‍ ക്വിസില്‍ ചരിത്രം കുറിച്ച പതിനൊന്നു വയസുകാരി

26-11-2019 - Tuesday

കൊച്ചി: അഞ്ചര ലക്ഷത്തോളം പേര്‍ പങ്കെടുത്ത ലോഗോസ് ബൈബിള്‍ ക്വിസില്‍ ഇരിങ്ങാലക്കുട രൂപതാംഗമായ മെറ്റില്‍ഡ ജോണ്‍സണ്‍ കുറിച്ചത് പുതിയ ചരിത്രം. രാജ്യത്തെ ഏറ്റവും വലിയ ബൈബിള്‍ ക്വിസിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഒന്നാം സ്ഥാനക്കാരിയായെന്ന റെക്കോര്‍ഡെയാണ് മെറ്റില്‍ഡ 2019-ലെ ലോഗോസ് പ്രതിഭയായിരിക്കുന്നത്. 2017 ല്‍ സംസ്ഥാന തലത്തില്‍ നാലാം റാങ്കും ഈ മിടുക്കി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെഗാ ഫൈനലില്‍ നേടിയ നാലാം സ്ഥാനത്തു നിന്നാണ് ഇക്കുറി ലോഗോസ് പ്രതിഭയിലേക്കുള്ള കുതിപ്പ്. ആറാമത്തെ വയസു മുതല്‍ ബൈബിള്‍ സംബന്ധമായ മത്സരങ്ങളില്‍ സജീവസാന്നിധ്യമായ മെറ്റില്‍ഡ പലവട്ടം രൂപതയില്‍ ലോഗോസ് ഒന്നാം റാങ്കു നേടിയിട്ടുണ്ട്. റോമില്‍ ബൈബിള്‍ ഉന്നതപഠനം നടത്തുകയെന്നതാണ് സ്വപ്നമെന്ന്‍ മെറ്റില്‍ഡ പറയുന്നു.

ആളൂര്‍ കൈനാടത്തുപറന്പില്‍ ജോണ്‍സന്റെയും അല്‍ഫോന്‍സയുടെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ മെറ്റില്‍ഡ. ആലുവ മംഗലപ്പുഴ സെമിനാരിയില്‍ തത്വശാസ്ത്ര വിദ്യാര്‍ഥിയായ സഹോദരന്‍ ക്രിസ്‌റ്റോണാണു മെറ്റില്‍ഡയ്ക്കു കുഞ്ഞുനാളില്‍ ബൈബിള്‍ ക്വിസിന്റെ വഴികളില്‍ വലിയ പ്രോത്സാഹനമായത്. ലോഗോസ് പ്രതിഭയായാല്‍ വിശുദ്ധനാട്ടില്‍ പോകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നതു കൂടിയായപ്പോള്‍ മെറ്റില്‍ഡ കഠിനമായി പ്രയത്‌നിച്ചു. എല്ലാ ദിവസവും പള്ളിയില്‍ പോകുന്നതു ശീലമാക്കിയ മെറ്റില്‍ഡ സമയം കിട്ടുന്‌പോഴൊക്കെ ബൈബിളും ബൈബിളധിഷ്ഠിത ഗ്രന്ഥങ്ങളും വായിക്കുന്നതു പതിവാണെന്നു പിതാവ് ജോണ്‍സണ്‍ പറഞ്ഞു.

സംസ്ഥാനതല മത്സരത്തില്‍ ആറു പ്രായ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരെ ഉള്‍പ്പെടുത്തി പാലാരിവട്ടം പിഒയിലാണു ലോഗോസിന്റെ മെഗാ ഫൈനല്‍ നടന്നത്. മെറ്റില്‍ഡയ്ക്കു സമ്മാനമായി വിശുദ്ധനാടു സന്ദര്‍ശനവും 25000 രൂപയുടെ കാഷ് അവാര്‍ഡും ലഭിച്ചു. വിശുദ്ധ ഗ്രന്ഥ പഠനത്തിന് പ്രായ തടസ്സങ്ങളില്ലായെന്ന് ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുകയാണ് മെറ്റില്‍ഡ.

More Archives >>

Page 1 of 20