Life In Christ

പീഡിത ക്രൈസ്തവരുടെ സ്മരണയില്‍ ലോകമെങ്ങുമുള്ള കെട്ടിടങ്ങള്‍ ചുവപ്പണിഞ്ഞു

സ്വന്തം ലേഖകന്‍ 28-11-2019 - Thursday

ലണ്ടന്‍: യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനും, മതപീഡനത്തിനിരയാകുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമായി ആഗോള തലത്തില്‍ ‘ചുവപ്പ് ബുധന്‍’ ദിനമായി ആചരിച്ചു. ഇന്നലെ (നവംബര്‍ 27) വിവിധ രാജ്യങ്ങളില്‍ ദേവാലയങ്ങള്‍, സ്കൂളുകള്‍, കോളേജുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ക്രിസ്ത്യന്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ രക്തവര്‍ണ്ണമണിഞ്ഞു. കത്തോലിക്കാ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ ആഭിമുഖ്യത്തിലാണ് ചുവപ്പ് ബുധന്‍ ദിനാചരണം സംഘടിപ്പിച്ചത്. ആഗോളതലത്തില്‍ മികച്ച പ്രതികരണമാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ദിനാചരണത്തിന് ലഭിച്ചത്.

മതന്യൂനപക്ഷങ്ങളോട് കൂടുതല്‍ ആദരവും, സഹിഷ്ണുതയും കാണിക്കണമെന്ന് ലോക ജനതയോട് ആഹ്വാനം ചെയ്യുന്ന വിധത്തിലാണ് നവംബര്‍ 27 ബുധനാഴ്ച ലോകത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ ചുവപ്പില്‍ മിന്നിത്തിളങ്ങിയത്. ലണ്ടനിലെ വെസ്റ്റ്‌മിന്‍സ്റ്റര്‍ കത്തീഡ്രല്‍ മുതല്‍ ഫിലിപ്പീന്‍സിലെ ഇടവകകളും, ദേവാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോകമെമ്പാടുമായി പീഡിപ്പിക്കപ്പെടുന്ന തങ്ങളുടെ സഹോദരീ-സഹോദരന്‍മാരുമായുള്ള ഐക്യത്തില്‍ ചുവപ്പില്‍ തിളങ്ങി. ചുവപ്പ് ബുധന്‍ ദിനാചരണത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പല ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകളും നടന്നു.

വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ ചുവപ്പ് ബുധന്‍ ദിനാചരണത്തിന്റെ ഭാഗമായി വൈകിട്ട് 6 മണിക്ക് ലണ്ടനിലെ പാര്‍ലമെന്റ് സ്ക്വയറില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണത്തില്‍ നിരവധി പേര്‍ പങ്കാളികളായി. ലങ്കാഷയറിലെ ബ്ലാക്ക്ബേണ്‍ ആംഗ്ലിക്കന്‍ കത്തീഡ്രല്‍, സെന്റ് ക്ലെയര്‍ ദേവാലയം, ലണ്ടനിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ലണ്ടനിലെ ഫോറിന്‍ ഓഫീസ് തുടങ്ങി ബ്രിട്ടനിലെ പ്രമുഖ കെട്ടിടങ്ങളെല്ലാം ചുവപ്പ് നിറത്തില്‍ മിന്നിത്തിളങ്ങി. സ്കോട്ട്ലന്റ്, ഹംഗറി, നെതര്‍ലന്‍ഡ്‌സ്‌, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ പ്രധാന കെട്ടിടങ്ങളും ദേവാലയങ്ങളും ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ദിനാചരണത്തിന്റെ ഭാഗമായി.

ഫിലിപ്പീന്‍സിലെ മനില കത്തീഡ്രലും, ഡെ ലാ സല്ലെ യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ഏതാണ്ട് രണ്ടായിരത്തോളം സ്കൂളുകളും, ദേവാലയങ്ങളും, ഇടവകകളുമാണ് ഇക്കൊല്ലത്തെ ചുവപ്പ് ബുധന്‍ ദിനാചരണത്തില്‍ സജീവമായത്. 2016-ലാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എ.സി.എന്‍ ആദ്യമായി ചുവപ്പ് ബുധന്‍ ദിനാചരണം സംഘടിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം ക്രൈസ്തവരാണെന്നും മുപ്പതു കോടി ക്രൈസ്തവരാണ് ലോകമെങ്ങുമായി ഏതെങ്കിലും വിധത്തിലുള്ള മതപീഡനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്നതെന്നും എ.സി.എന്‍ പറയുന്നു.

More Archives >>

Page 1 of 21