News - 2024

വാഷിംഗ്ടണിലെ ബസിലിക്ക പള്ളിയില്‍ ആക്രമണം: സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയില്‍

സ്വന്തം ലേഖകന്‍ 11-12-2019 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡി.സിയിലെ നാഷണല്‍ ഷ്രൈന്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ബസിലിക്ക ദേവാലയത്തിനു നേരെ ആക്രമണം. ദേവാലയത്തിന്റെ സുരക്ഷാ ജീവനക്കാരിയെ വാഹനം ഇടിപ്പിച്ചു കൊല്ലുവാനും മറ്റൊരു സുരക്ഷാ ജീവനക്കാരനെ കത്തിക്ക് കുത്തുകയും ചെയ്ത അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല്‍പ്പത്തിയെട്ടുകാരനായ ഡോര്‍സി ലീ മാക്ക് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9:15-ന് പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ചായിരുന്നു അക്രമം അരങ്ങേറിയത്. പരിക്കേറ്റ സുരക്ഷാ ജീവനക്കാരുടെ നില ഗുരുതരമാണെങ്കിലും ജീവന് അപകടമൊന്നുമില്ലെന്ന്‍ പോലീസ് അറിയിച്ചു.

തന്റെ എസ്.യു.വി വാഹനത്തില്‍ പാര്‍ക്കിംഗ് ഏരിയയില്‍ പ്രവേശിച്ച അക്രമി, സുരക്ഷാ ജീവനക്കാരിയായ സ്ത്രീയുടെ ശരീരത്തില്‍ മനപൂര്‍വ്വം തന്റെ കാര്‍ ഇടിപ്പിക്കുകയായിരുന്നു. തന്റെ വാഹനത്തിനും മറ്റൊരു വാഹനത്തിനുമിടയില്‍ അവരെ കുടുക്കിയ ശേഷം വാഹനത്തില്‍ നിന്നും ഇറങ്ങിയ അക്രമി വനിതാ ജീവനക്കാരിയുടെ സഹായത്തിനെത്തിയ പുരുഷ ജീവനക്കാരനെ ദേവാലയത്തിലേക്ക് ഓടിച്ചു കയറ്റുകയും പലതവണ കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളുടെ മേലും അക്രമി തന്റെ വാഹനം ഇടിപ്പിക്കുകയുണ്ടായി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നതിന് മുന്‍പും അക്രമി വനിതാ ജീവനക്കാരിയുടെ ശരീരത്തില്‍ വാഹനം ഇടിപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സംഭവം തികച്ചും വ്യക്തിപരമാണെന്നും, ദേവാലയവുമായി യാതൊരു ബന്ധവുമില്ലെന്നും, പ്രതിക്ക് ഇരകളുമായി മുന്‍ പരിചയമുണ്ടായിരുന്നുവെന്നും വാഷിംഗ്‌ടണ്‍ ഡി.സി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. സംഭവത്തിന്‌ ദേവാലയവുമായി ബന്ധമൊന്നുമില്ലെങ്കിലും, ദേവാലയ പരിസരത്ത് അരങ്ങേറിയ അസാധാരണ അക്രമ സംഭവത്തില്‍ വിശ്വാസികള്‍ ആശങ്കാകുലരാണ്. മനപൂര്‍വ്വമുള്ള നരഹത്യ കുറ്റമാണ് പ്രതിയുടെ മേല്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

More Archives >>

Page 1 of 509