News - 2024
ലോകം ക്രിസ്തുമസിന് ഒരുങ്ങുമ്പോള്‍ ആശങ്കയാല്‍ നിറഞ്ഞ് ലെബനോന്‍
സ്വന്തം ലേഖകന്‍ 23-12-2019 - Monday
ലോകം ക്രിസ്തുമസ് ആഘോഷത്തിനായി ലോകം ഒരുങ്ങുമ്പോള്‍ ലെബനോനില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ആശങ്ക പങ്കുവെച്ച് മെൽക്കൈറ്റ് കത്തോലിക്കാസഭയുടെ ബെയ്റൂട്ട് ആർച്ച് ബിഷപ്പ് ജോർജ് ബക്കോണി. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ആശങ്കാജനകമായ അവസ്ഥയെപ്പറ്റി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സന്നദ്ധ സംഘടനയുടെ പ്രതിനിധിയുടെ മുന്‍പിലാണ് ആർച്ച് ബിഷപ്പ് ജോർജ് ബക്കോണി മനസ്സുതുറന്നത്. ഒരു ഭൂമികുലുക്കത്തിൽ അകപ്പെട്ടതു പോലെയാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്ന് ബിഷപ്പ് ബക്കോണി പറഞ്ഞു.
രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഭയാർത്ഥികളെ വിവിധ എൻജിഒകൾ ആണ് നോക്കുന്നതെന്നും, അവർ ലെബനോനിലെ ആളുകളെ സഹായിക്കാൻ തയ്യാറാകുമോയെന്നും ബിഷപ്പ് ബക്കോണി ചോദിക്കുന്നു. ദേവാലയങ്ങളിലും, സ്കൂളുകളിലും, സർവ്വകലാശാലകളിലും ഇപ്പോൾതന്നെ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ടെന്നും ആളുകൾക്ക് ട്യൂഷൻ ബില്ലുകളും, മെഡിക്കൽ ബില്ലുകളും അടയ്ക്കാനുള്ള പണം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സ്കൂളുകൾ അടച്ചുപൂട്ടുക എന്നുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ തങ്ങൾക്ക് ആഗ്രഹമില്ല. കടന്നുപോകുന്ന പ്രതിസന്ധിഘട്ടത്തിൽ യേശു കൂടെ ഉണ്ടെന്നും, അവൻ തങ്ങളെ കൈവിടില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അഭിമുഖം അവസാനിക്കുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചതിനുശേഷം രാജ്യത്തു അതീവ ദയനീയമായ അവസ്ഥയാണുള്ളത്.