News - 2024

'കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് വിശ്വസിക്കുന്ന ജനമാണ് ക്രിസ്തുമസ് ആഘോഷമാക്കി മാറ്റിയത്'

സ്വന്തം ലേഖകന്‍ 23-12-2019 - Monday

കൊച്ചി: കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനമാണ് ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാക്കി മാറ്റിയതെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. ക്രിസ്തുമസ് സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഈ ക്ലേശങ്ങളെല്ലാം രക്ഷകനായ യേശുവിന്റെ ജനനത്തിൽ സംഭവിച്ചത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തിരുപ്പിറവിയുടെ അർത്ഥം നമുക്ക് പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ‍

പ്രതികൂലങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം. ചക്രവർത്തി പ്രഖ്യാപിച്ച ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടിയുള്ള ക്ലേശകരമായ ബേത്ലഹം യാത്ര, ഗർഭിണിയായ മറിയത്തിന്റെ ഈ യാത്രയ്ക്കിടയിലെ വിഷമതകൾ, ബേത്ലഹമിൽ പാർക്കാൻ ഇടം ലഭിക്കാത്ത അവസ്ഥ, കാലിത്തൊഴുത്തിലെ ഉണ്ണിയുടെ പിറവി, പുൽത്തൊട്ടിയിൽ ശയിക്കുന്ന ഇൗശോ ഇവയെല്ലാം ഉണ്ണിയീശോയുടെ ജനനത്തിന്റെ ദുർഘട സാഹചര്യങ്ങളാണ്. ഇവയിലും ഭീകരമാണ് ശിശുവിന്റെ ജീവന് എതിരെയുള്ള ഹേറോദേസിന്റെ വധഭീഷണി; ഉണ്ണിയെയും അമ്മയെയും കൂട്ടിക്കൊണ്ട് ദീർഘദൂരം ഇൗജിപ്തിലേക്ക് ഒളിച്ചോടേണ്ടി വരുന്നു. ആശാരിപണിയിൽ നിന്ന് സമ്പാദിച്ച തുച്ഛമായ മിച്ചം മാത്രമായിരിക്കും വഴിയാത്രയിലെ കാലയാപനത്തിനുള്ള മാർഗം. പലായനം ചെയ്യുന്ന തിരുകുടുംബത്തോട് കണ്ടവരും കേട്ടവരും എങ്ങനെ പ്രതികരിച്ചുവോ, ആവോ!

ഈ ക്ലേശങ്ങളെല്ലാം രക്ഷകനായ യേശുവിന്റെ ജനനത്തിൽ സംഭവിച്ചത് ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുമ്പോഴാണ് തിരുപ്പിറവിയുടെ അർത്ഥം നമുക്ക് പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയുക. കാലിത്തൊഴുത്തിൽ പിറന്നവൻ ലോകരക്ഷകനാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനമാണ് ക്രിസ്മസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാക്കി മാറ്റിയത്. തീർച്ചയായും ക്രിസ്മസിൽ നാം സന്തോഷിക്കണം. നാം പരസ്പരം സൗഹാർദ്ദത്തിൽ വളരണം; പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതും കരോൾ ഗാനങ്ങൾ ആലപിക്കുന്നതുമെല്ലാം തികച്ചും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവം നമുക്ക് നൽകും.

ഫ്രാൻസീസ് പാപ്പാ പറഞ്ഞു: ‘എല്ലാ ക്രൈസ്തവരും തങ്ങളുടെ വീടുകളിൽ ഒരു പുൽകൂട് ഉണ്ടാക്കണം’ എന്ന്. പുൽകൂടിന്റെ ലാളിത്യത്തിലേക്ക് ഇറങ്ങിവന്ന ദൈവത്തിന്റെ മഹത്വം നമ്മെ ഒാർമ്മിപ്പിക്കുവനാണ് പാപ്പാ ഇൗ ആഹ്വാനം നൽകിയത്. ‘നമുക്കും പണിയാം ഒരു പുൽകൂട്’: നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ വീടുകളിൽ, നമ്മുടെ പള്ളികളിൽ, നമ്മുടെ സേവനരംഗങ്ങളിൽ. യേശുവിന്റെ ജനനത്തോടനുബന്ധിച്ചുള്ള കഷ്ടതകളുടെ കഥ ഇന്നും തുടരുന്നു. യാതനകളുടെ നടുവിലാണ് ഇന്നും ജനങ്ങൾ. കർഷകവിഭാഗത്തിന് നേരിടേണ്ടിവരുന്ന ക്ലേശങ്ങൾ എത്രയേറെ!

കൃഷി ചെയ്യേണ്ട ഭൂമിക്ക് പട്ടയമില്ലാത്ത അവസ്ഥ, വിളകൾക്ക് വിലയില്ലാത്തതിനാൽ വിറ്റാലും കിട്ടുന്നത് തുച്ഛം. വന്യമൃഗങ്ങളുടെ ആക്രമണത്താൽ ഉണ്ടാകുന്ന കൃഷിനാശം; പ്രകൃതി ദുരന്തങ്ങൾ കൂടി ഉണ്ടായാൽ അവസ്ഥ എറെ ദയനീയം. കർഷകരുടെ പ്രശ്നങ്ങൾക്ക് വേണ്ട പരിഹാരമില്ലാതെ പ്രവർത്തിക്കുന്ന സർക്കാരുകളുടെ കൃത്യവിലോപം അവർ മനസ്സിലാക്കുന്നില്ല. മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കടലിന്റെ മക്കളുടെ ഹൃദയങ്ങളിൽ ദുഃഖം അലയടിക്കുന്നു. പാവപ്പെട്ട തൊഴിലാളികൾ ആയുസുകൊണ്ട് നേടിയെടുത്ത ജീവനോപാധികളും, പാർപ്പിടങ്ങളും, അടിസ്ഥാന സൗകര്യങ്ങളും കടൽഭിത്തികളുടെ അഭാവംമൂലം നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നു. ഒാരോ വർഷകാലവും അവരെ കൂടുതൽ ദുരിതങ്ങളിലേക്ക് താഴ്ത്തുന്നു.

അപമാനിക്കപ്പെടുന്ന സ്ത്രീത്വം, ലഹരിയിലാഴുന്ന യുവത്വം, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പോരാട്ടങ്ങൾ, ഭ്രൂണഹത്യ, ആൾക്കൂട്ടകൊലകൾ, രാഷ്ട്രീയ പോരാട്ടങ്ങൾ ഇവയെല്ലാം ജീവിതത്തെ ദുസ്സഹമാക്കുന്ന ഒരു കാലഘട്ടമാണിത്.

ഇവയുടെ നടുവിലും യേശു ജനിക്കണം. അവിടുത്തെ സന്ദേശം ലോകം ഓർമ്മിക്കണം. പ്രസിദ്ധനായ എഴുത്തുകാരൻ ജി. കെ. ചെസ്റ്റർട്ടൻ പറയുന്നതുപോലെ ഭവനരഹിതമായ അവസ്ഥ എല്ലാ ഭവനങ്ങളിലും ആഘോഷിക്കപ്പെടുന്ന ദിനമാണ് ക്രിസ്മസ്; ഇല്ലായ്മയും, ദാരിദ്ര്യവും, തിരസ്കരണവും നന്മയിലേക്ക് നയിക്കുന്ന അവസരമായി മാറണം. കുടിവെള്ളത്തിന്റെ അഭാവംമൂലം വിഷമിക്കുന്ന ജനങ്ങൾ, ഭവനരഹിതർ, മതവിശ്വാസംമൂലം പീഡിപ്പിക്കപ്പെടുന്നവർ, വിദ്യാഭ്യാസൗകര്യങ്ങൾ കിട്ടാത്ത കുട്ടികൾ, തെരുവിൽ അലഞ്ഞുനടക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാർ എന്നിവരുടെയെല്ലാം കഷ്ടപ്പാടുകൾ നീക്കം ചെയ്യുവാൻ ഒരുമിച്ചു പ്രവർത്തിക്കാനുള്ള അവസരമായിത്തീരട്ടെ ഈ ക്രിസ്മസ്.

‘അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സാമാധാനം’ എന്ന് മാലാഖമാരോട് ചേർന്ന് ഭൗമികർ പാടണം. മനുഷ്യന്റെ സമാധാനമാണ് ദൈവമഹത്വത്തിന്റെ അടയാളം. ലോകത്തിന് രക്ഷയും സമാധാനവും നൽകുവാനാണ് യേശു ജനിച്ചതും, ജീവിച്ചതും, മരിച്ചതും, ഉത്ഥാനം ചെയ്തതും. അവിടുന്നിൽ വിശ്വസിച്ച് സ്നാനപ്പെടുന്നവർക്കു വേണ്ടി മാത്രമുള്ളതല്ല ഇൗ സന്ദേശം. ‘സകല ജനപദങ്ങൾക്കും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു’ എന്നാണ് ദൈവദൂതൻ ഇടയന്മാരെ അറിയിച്ചത്. യേശുവിന്റെ സന്ദേശം ഹൃദയങ്ങളിൽ സ്വീകരിച്ച് സന്തേഷവും സമാധാനവും അനുഭവിക്കാൻ നമുക്ക് പരിശ്രമിക്കാം. ഏവർക്കും ക്രിസ്മസ് മംഗളങ്ങൾ; പുതുവത്സരാശംസകൾ!

More Archives >>

Page 1 of 512