News - 2024
ബൈബിൾ തിരുത്തി കമ്മ്യൂണിസ്റ്റ് അനുകൂല ഭാഗങ്ങള്‍ ചേര്‍ക്കാന്‍ ചൈനീസ് സർക്കാര്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 30-12-2019 - Monday
ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അനുകൂലിക്കുന്ന രീതിയിൽ ബൈബിൾ തിരുത്തിയെഴുതാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിർദ്ദേശം നൽകിയതായി അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നവംബർ മാസം വിവിധ മതങ്ങളുടെ പ്രതിനിധികളും, മറ്റ് വിദഗ്ധരുമടങ്ങുന്ന പതിനാറു അംഗ സംഘത്തെ വിളിച്ചുവരുത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിശ്വാസ പ്രമാണങ്ങൾക്ക് അനുസൃതമായി മതഗ്രന്ഥങ്ങൾ തിരുത്തണമെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചതായി ഡെയിലി മെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ തിരഞ്ഞെടുത്ത മത പ്രതിനിധികൾ തങ്ങളുടെ മതഗ്രന്ഥങ്ങൾ തിരുത്തിയെഴുതാൻ സമ്മതം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദീർഘനാളായി കമ്മ്യൂണിസ്റ്റ് സർക്കാർ മത വിശ്വാസികളുടെ മേൽ അടിച്ചമർത്തലുകൾ തുടരുകയാണ്. 20 ലക്ഷത്തോളം ഉയിഗുർ വിഭാഗത്തിൽപെട്ട മുസ്ലിം പൗരന്മാർ ചൈനയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇതിന് സമാനമായി നിരവധി കത്തോലിക്ക വൈദികരും, പ്രൊട്ടസ്റ്റൻറ് പാസ്റ്റർമാരും പോലീസ് കസ്റ്റഡിയിലാണ്. പുറത്ത് മത സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാർട്ടി മത നേതാക്കൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ ജിയാങ്സി പ്രവിശ്യയിലെ കത്തോലിക്ക ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെയും, ഉണ്ണിയേശുവിന്റെയും പെയിന്റിങ് എടുത്തുമാറ്റി അവിടെ ചൈനീസ് പ്രസിഡന്റിന്റെ ചിത്രം വെക്കണമെന്ന് ഭരണകൂടത്തിന്റെ നിർദ്ദേശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ചൈനീസ് കൊടികളും, കമ്മ്യൂണിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളും ദേവാലയത്തിനു ചുറ്റും തൂക്കണമെന്ന നിർദ്ദേശവും പാർട്ടി നൽകിയിരിന്നു. ദേവാലയത്തിൽ പ്രാർത്ഥിക്കാനെത്തിയാൽ പെൻഷൻ റദ്ദാക്കുമെന്ന ഭീഷണിയും അധികാരികള്‍ മുഴക്കിയിരിന്നു.