News - 2024
നൈജീരിയയിലെ ക്രൈസ്തവ പീഡനം പാശ്ചാത്യ ലോകം ഗൗനിക്കുന്നില്ല: വിമര്‍ശനവുമായി പ്രാദേശിക ബിഷപ്പ്
സ്വന്തം ലേഖകന്‍ 03-01-2020 - Friday
സൊകോട്ടോ: നൈജീരിയയിലെ ക്രൈസ്തവ പീഡനം പാശ്ചാത്യ ലോകം ഗൗനിക്കുന്നില്ലെന്ന വിമര്‍ശനവുമായി നൈജീരിയയിലെ സൊകോട്ടോ രൂപതയുടെ ബിഷപ്പായ മാത്യു ഹസൻ കുക്ക രംഗത്ത്. ക്രിസ്തുമസ് ദിനത്തിന് പിറ്റേന്ന് പടിഞ്ഞാറൻ ആഫ്രിക്കയിൽ പിടിമുറുക്കിയ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടന പത്തു ക്രൈസ്തവരുടെ തല വെട്ടി കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും ഉണ്ടാകാത്തതിനു പിന്നിലുള്ള നിശബ്ദതയിലും ബിഷപ്പ് മാത്യു ഹസൻ കുക്ക ആശങ്ക പ്രകടിപ്പിച്ചു. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നൈജീരിയൻ ബിഷപ്പ് തന്റെ ആശങ്കകൾ പങ്കുവെച്ചത്.
എല്ലാ ദിവസവും വലിയ പ്രതിസന്ധികളെയാണ് തങ്ങൾ തരണം ചെയ്യേണ്ടിവരുന്നത്. പ്രതിസന്ധികളെ നേരിടുന്നതിൽ പുരോഗതി ഒന്നും നേടാൻ സർക്കാരിന് സാധിക്കാതെ വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. സർക്കാർ നേതൃത്വം ക്രൈസ്തവ കൊലപാതകങ്ങളെ ഔദ്യോഗികമായി അപലപിക്കുക മാത്രമാണ് ചെയ്യുന്നത്. പിന്നീട് കേസിന്റെ നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നില്ല. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതിൽ പാശ്ചാത്യരാജ്യങ്ങൾ മുൻപന്തിയിലാണെന്നും അതിനാൽ അമേരിക്കയ്ക്കും, യൂറോപ്യൻ രാജ്യങ്ങൾക്കും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അക്രമ സംഭവങ്ങൾ തടയാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ബിഷപ്പ് കുക്ക പറഞ്ഞു.
നൈജീരിയയുടെ സുരക്ഷാ വിഭാഗമായ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 36,000 ആളുകളെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നൈജീരിയയിൽ വിവിധ തീവ്രവാദസംഘടനകൾ കൊന്നൊടുക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെയും, സംഘടനയുടെ വ്യക്താവ് അബുൽ ഹസൻ അൽ മുജാഹിറന്റെയും കൊലപാതകത്തിന് നൽകുന്ന തിരിച്ചടി എന്നാണ് ക്രിസ്തുമസ് ദിനത്തിൽ നടന്ന ക്രൈസ്തവരുടെ കൊലപാതകത്തെ സംഘടന വിശേഷിപ്പിച്ചത്.