News - 2025
സുവിശേഷവത്ക്കരണം ഊര്‍ജിതപ്പെടുത്താന്‍ ഫിലിപ്പീന്‍സില്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ്
സ്വന്തം ലേഖകന്‍ 03-01-2020 - Friday
മനില: വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്റെ തലവനായി നിയമിതനായ മനിലയിലെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിൾ പുതിയ പദവി ഏറ്റെടുക്കുന്നതിന് മുന്‍പായി നവ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള ഏഴാമത് ഫിലിപ്പീന്‍ കോണ്‍ഫറന്‍സ് (പി.സി.എന്‍.ഇ) സംഘടിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ജനുവരി 28-29 തിയതികളിലായി നടക്കുന്ന കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം 'ആരാണ് എന്റെ അയല്‍ക്കാരന്‍?' (സിനോ ആങ് അകിങ് കാപ്വാ) എന്ന വിശുദ്ധ ലൂക്കായുടെ (ലൂക്കാ 10:29) സുവിശേഷ വാക്യമാണ്. സാധാരണ ഗതിയില്‍ നവംബര്‍ മാസത്തിലാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാറുള്ളതെങ്കിലും പി.സി.എന്‍.ഇ 7-ല്‍ നിന്നും ലഭിക്കുന്ന നവ ചൈതന്യത്തോടെ പുതിയ ദൗത്യമേറ്റെടുക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ദ്ദിനാള്‍ ടാഗിൾ.
ഈ വര്‍ഷം എക്യുമെനിസം വര്‍ഷമായി ആഘോഷിക്കുന്ന ഫിലിപ്പീന്‍സ് ജനതയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കോണ്‍ഫറന്‍സായിരിക്കും ‘പി.സി.എന്‍.ഇ-7’ എന്നു വിലയിരുത്തപ്പെടുന്നു. ‘ചിറ്റോ’ എന്ന് വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധനായ കര്‍ദ്ദിനാള്‍ ടാഗിളിനു ഉദിച്ച ആശയമാണ് ഫിലിപ്പീന്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ കോണ്‍ഫറന്‍സ്. വര്‍ഷംതോറും നടത്തിവരുന്ന ഈ കോണ്‍ഫറന്‍സില്‍ മെത്രാന്‍മാരും, പുരോഹിതരും, കന്യാസ്ത്രീകളും, അല്‍മായരും ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകളാണ് പങ്കെടുക്കുന്നത്. സ്തുതി ഗീതവും, പ്രാര്‍ത്ഥനയും, ആരാധനയും, പ്രഭാഷണങ്ങളും വിശ്വാസ സാക്ഷ്യങ്ങളുമായി സുവിശേഷ തീക്ഷണത വര്‍ദ്ധിപ്പിക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.