News - 2024
'ദൈവത്തെ ഉപേക്ഷിച്ച് ഭൗതീക സംസ്കാരത്തോട് പൊരുത്തപ്പെട്ടതാണ് സഭ പ്രതിസന്ധിക്ക് കാരണം'
സ്വന്തം ലേഖകന്‍ 04-01-2020 - Saturday
വത്തിക്കാന്‍ സിറ്റി: ദൈവത്തെ ഉപേക്ഷിച്ച് ഭൗതീക സംസ്കാരത്തോട് പൊരുത്തപ്പെട്ടതാണ് ഇന്നത്തെ സഭാ പ്രതിസന്ധിക്ക് കാരണമെന്ന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഭൗതീക സംസ്കാരവുമായി യോജിച്ചുകൊണ്ട് വിശ്വാസ പ്രബോധനങ്ങളെ തിരസ്കരിക്കുവാനുള്ള ശ്രമങ്ങള്‍ സഭക്കുള്ളിലെ ചിലരുടെ ശ്രമങ്ങള്‍ കാരണമാണെന്നും അതില്‍ നിന്നാണ് കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധി ഉടലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് (ഫോക്കസ്) സംഘടിപ്പിച്ച 2020 സ്റ്റുഡന്റ് ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക സഭ ഇന്ന് നേരിടുന്ന പ്രതിസന്ധി മനുഷ്യനിര്‍മ്മിതമാണെന്നു കര്‍ദ്ദിനാള്‍ പറയുന്നു.
ദൈവമില്ലാത്ത ഒരു ജീവിതത്തിന്റെ ആത്മാവുമായി നാം പൊരുത്തപ്പെട്ടതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രബോധനങ്ങളോ, ആചാരാനുഷ്ഠാനങ്ങളോ ഇല്ലാത്ത കത്തോലിക്ക വിശ്വാസത്തിനു വേണ്ടിയാണ് സഭക്കകത്തുള്ള ചിലര്‍ ശ്രമിക്കുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ദൈവമാതാവിന്റെ തിരുനാള്‍ ദിനമായ പുതുവത്സരദിനത്തില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലും കര്‍ദ്ദിനാള്‍ മുള്ളര്‍ ദൈവീക സത്യത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് സംതൃപ്തി നേടുവാനുള്ള മനുഷ്യരുടെ ആഗ്രഹത്തെക്കുറിച്ച് സൂചിപ്പിച്ചിരിന്നു. വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം പ്രത്യയശാസ്ത്രങ്ങളുടെ ആവശ്യകതയില്ലെന്നും, പ്രതീക്ഷയുള്ളവന്‍ ലഹരിയുടെ പിറകെ പോവില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
നന്ദി പറയുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. പുതുവത്സരത്തില്‍ സകല സൃഷ്ടികള്‍ക്കും, ക്രിസ്തുവിനെ നമുക്ക് നല്‍കിയതിനും, പരിശുദ്ധ കന്യകാമറിയം, കത്തോലിക്ക സഭ, കുടുംബം തുടങ്ങിയ അനുഗ്രഹങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയണമെന്ന് കര്‍ദ്ദിനാള്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഇന്നത്തെ ലോകത്തെ വെച്ചുനോക്കുമ്പോള്‍ കത്തോലിക്ക സഭ ഇരുനൂറു വര്‍ഷം പുറകിലാണെന്നാണ് ചിലര്‍ പറയുന്നത്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? പ്രസംഗമദ്ധ്യേ കര്‍ദ്ദിനാള്‍ ചോദിച്ചു.
ആധുനികവത്കരണം ആവശ്യപ്പെടുന്നത് സഭ മുറുകെപ്പിടിച്ചിരിക്കുന്ന സത്യങ്ങളുടെ തിരസ്കരണമാണെന്നും, സഭയ്ക്കുള്ളിലുള്ള മതനിരപേക്ഷത വാദത്തിനുള്ള മറുമരുന്ന് ക്രിസ്തുവിന്റെ സത്യത്തിലൂടെയുള്ള ഒരു വിശ്വാസ ജീവിതമാണെന്നും കര്‍ദ്ദിനാള്‍ ശ്രോതാക്കളോട് പറഞ്ഞു. യേശു ക്രിസ്തു എന്നത് ചില സുപ്രധാന സത്യങ്ങളുടെ പ്രതീകമല്ല. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം 'വഴിയും, സത്യവും, ജീവനും' യേശു തന്നെയാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.